ചെന്നൈ: സംസ്ഥാനത്തിന് ഒരു കോടി വാക്‌സിൻ ഡോസുകൾ പ്രത്യേകമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വാക്‌സിൻ അനുവദിക്കുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം വാക്‌സിൻ ഡോസുകളുടെ കുറവ് നേരിടുന്നുണ്ടെന്നും സ്റ്റാലിൻ പ്രധാനമന്ത്രിയെ കത്തിൽ ബോധിപ്പിച്ചിട്ടുണ്ട്.
ജനസംഖ്യയുടെ അനുപാതത്തിനനുസരിച്ച് സംസ്ഥാനത്ത് വാക്‌സിനുകൾ ലഭിച്ചിട്ടില്ലെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 18 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ അനുപാതത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ വാക്‌സിനുകൾ അനുവദിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാഗ്‌ദാനം ചെയ്‌തിട്ടുള്ളതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Also Read: വിയോജിപ്പുകളെ അമർച്ച ചെയ്യാൻ യുഎപിഎ ദുരുപയോഗം ചെയ്യരുത്: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
എന്നാൽ, തമിഴ്‌നാട്ടിൽ ആയിരത്തിന് 302 വാക്‌സിനുകൾ അനുവദിച്ചപ്പോൾ ഗുജറാത്ത്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് യഥാക്രമം 533, 493, 446 വാക്‌സിൻ ഡോസുകൾ ലഭിച്ചുവെന്നും ഇത് തമിഴ്‌നാടിനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന കടുത്ത അനീതിയാണെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു.
18 മുതൽ 44 വയസിനിടയിലുള്ളവർക്കായി ജൂലൈ എട്ട് വരെ തമിഴ്‌നാടിന് കേന്ദ്ര സർക്കാരിൽ നിന്ന് 29,18,110 വാക്‌സിൻ ഡോസുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. വാക്‌സിൻ ഡോസുകളിലെ ക്ഷാമം സംസ്ഥാനത്ത് കുത്തിവയ്പ്പ് മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ബോധവത്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്നും കുത്തിവയ്പ്പ് സ്വീകരിക്കുന്നതിനായി ആളുകൾ വലിയ തോതിൽ അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ സർക്കാരിന്‍റെ മൈക്രോ ലെവൽ ഇടപെടൽ മൂലം സംസ്ഥാനത്തെ ജനങ്ങൾ വാക്‌സിൻ വിമുഖത ഒഴിവാക്കുന്നുണ്ടെങ്കിലും വാക്‌സിനുകളുടെ കുറവ് നിലവിലുള്ള നല്ല പ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ലക്ഷ്യമിട്ട കാലയളവിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകാൻ സഹായിക്കുന്നതിന് ഒരു കോടി വാക്‌സിനുകൾ പ്രത്യേകമായി അനുവദിക്കണമെന്നും അദ്ദേഹം മോദിയോട് അഭ്യർഥിച്ചു.