ഹൈദരാബാദ്: റഷ്യയിൽ നിന്ന് സ്‌പുട്‌നിക് വി വാക്‌സിന്‍റെ മുപ്പത് ലക്ഷം ഡോസുകൾ അടങ്ങിയ വിമാനം ഹൈദരാബാദിൽ എത്തി. പ്രത്യേക ചാർട്ടേഡ് ചരക്കുവിമാനമായ ആർ.യു-9450 ലാണ് ഇവ ഇന്ത്യയിലെത്തിച്ചത്. ഒറ്റ ഇറക്കുമതിയിൽ ഇത്രയധികം വാക്‌സിൻ ഡോസുകൾ എത്തുന്നത് ആദ്യമായാണ്. 56.6 ടൺ ഭാരം വരുന്ന ഇവക്ക് 90 മിനിറ്റിനുള്ളിൽ ക്ലിയറൻസ് ലഭിക്കുകയും ചെയ്തു.
സ്‌പുട്‌നിക് വാക്‌സിന് മറ്റ് വാക്സിനുകളെ അപേക്ഷിച്ച് പ്രത്യേക കൈകാര്യം ചെയ്യലും സംഭരണവും ആവശ്യമാണ്. -20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ആണ് ഇവ സൂക്ഷിക്കേണ്ടത്. അതേസമയം സുഗമമായ വാക്‌സിൻ ഇറക്കുമതിക്കും കയറ്റി അയക്കലിനും ടെർമിനലിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റ് പ്രക്രിയകളും പൂർണമായും പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഹൈദരാബാദ് വിമാനത്താവള അധികൃതർ പറഞ്ഞു.
ALSO READ: കൊവിഡ് : ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ്
ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് അടിയന്തര ഉപയോഗാനുമതി നൽകിയ സ്‌പുട്‌നിക് വാക്‌സിൻ വിതരണം ചെയ്യുന്നത്. 2021നകം ഇന്ത്യയിൽ 12– 13 കോടി ആളുകൾക്ക് ആവശ്യമായ ഡോസുകൾ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചിട്ടുണ്ട്.