ന്യൂഡല്‍ഹി: സ്പൈസ് ജെറ്റിന്‍റെ മുംബൈ-ദുര്‍ഗാപൂര്‍ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഉണ്ടായ ഉലച്ചിലിനെ തുടര്‍ന്ന് 40 യാത്രക്കാര്‍ പരിക്കേറ്റു. ഞായറാഴ്‌ച രാത്രി 7.25 ആന്‍ഡല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന എസ് ജി 945 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്.
തുടര്‍ന്ന് വിമാനം സുരക്ഷിതമായി ദുര്‍ഗാപൂര്‍ വിമാനത്താവളത്തിലിറക്കി. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉലച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ക്യാബിൻ ബാഗേജും ഓവർഹെഡ് ബിന്നും യാത്രക്കാരുടെ തലയ്ക്ക് മുകളിൽ വീഴുകയായിരുന്നെന്ന് ആൻഡാൽ ആശുപത്രിയിലെ ഡോ.തപൻ കുമാർ റേ പറഞ്ഞു.
സംഭവത്തില്‍ സ്‌പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. പരിക്കേറ്റ യാത്രക്കാര്‍ക്ക് വേണ്ട കൃത്യമായ ചികിത്സ നല്‍കുമെന്നും സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. എന്തുകൊണ്ടാണ് വിമാനത്തിന് ഉലച്ചില്‍ സംഭവിച്ചത് എന്നതില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു.