മുംബൈ: പ്രത്യേക റൂട്ടുകളിൽ അധിക സർവീസ് ഉൾപ്പെടെ ആഭ്യന്തര വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്. മാർച്ച് 28 മുതൽ സ്പൈസ് ജെറ്റ് 66 പുതിയ വിമാനങ്ങളാണ് സർവീസിൽ ഉൾപ്പെടുത്തുന്നത്. മെട്രോ നഗരങ്ങളും നോൺ മെട്രോ നഗരങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ബോയിങ് 737 വിമാനങ്ങളും റീജിയണൽ ജെറ്റ് ബോംബാർഡിയർ ക്യു 400 വിമാനങ്ങളും ഉൾുപ്പെടുത്തി സർവീസുകൾ വർധിപ്പിക്കുന്നത്.
ദർഭംഗ, ദുർഗാപൂർ, ജാർസുഗുഡ എന്നീ നഗരങ്ങളെ ഗ്വാളിയർ നാസിക് തുടങ്ങി ചില പ്രധാന മെട്രോ നഗരങ്ങൾ എന്നിവയുമായാണ് ബന്ധിപ്പിക്കുന്നത്. അഹമ്മദാബാദ്-ദർഭംഗ-അഹമ്മദാബാദ്, ഹൈദരാബാദ്-ദർഭംഗ-ഹൈദരാബാദ്, പൂനെ-ദർഭംഗ-പൂനെ, കൊൽക്കത്ത-ദർഭംഗ-കൊൽക്കത്ത എന്നീ റൂട്ടുകളിലും പുതിയ വിമാന സർവീസുകൾ ആരംഭിക്കും.
കൂടാതെ ചെന്നൈ, മുംബൈ, ഡൽഹി എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ദുർഗാപൂരിനെ പൂനെയുമായും ബന്ധിപ്പിക്കും. നേരത്തെ ഹൈദരാബാദ്, ജമ്മു, ബെംഗളൂരു, കൊൽക്കത്ത, അഹമ്മദാബാദ്, ഡൽഹി എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗ്വാളിയർ പൂനെയുമായും ബന്ധിപ്പിക്കും. കൂടാതെ നാസിക്കിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് തുടങ്ങിയ ശേഷം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളെ കൊൽക്കത്തയുമായും ബന്ധിപ്പിക്കുമെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.