വഡോദര: വിമാന സര്‍വീസ് അഞ്ച് മണിക്കൂര്‍ വൈകിയതോടെ വിമാനത്താവളത്തില്‍ കുടുങ്ങി നൂറിലധികം യാത്രക്കാര്‍. ഡൽഹി-അഹമ്മദാബാദ് സ്‌പൈസ്‌ജെറ്റ് വിമാനമാണ് ചൊവ്വാഴ്‌ച അഞ്ച് മണിക്കൂര്‍ വൈകി സര്‍വീസ് ആരംഭിച്ചത്. ഓൺലൈൻ ബുക്കിങ് സമയത്ത് രാത്രി 8.30 ന് ഡൽഹിയിൽ നിന്ന് പുറപ്പെടുമെന്ന് വ്യക്തമാക്കിയിരുന്ന വിമാനം, അഞ്ച് മണിക്കൂർ വൈകി 1.30 നാണ് ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു.
സംഭവം പുറംലോകമറിയുന്നത് ഇങ്ങനെ: വിമാന സര്‍വീസ് വൈകിയതോടെ 130 യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുരുങ്ങിയതായി ബിജെപി നേതാവ് ധര്‍മേന്ദ്ര പാണ്ഡ്യയാണ് വിഷയം പുറംലോകത്തെ അറിയിച്ചത്. സ്പൈസ്ജെറ്റ് ചതിച്ചു. പുറപ്പെടേണ്ട സമയം രാത്രി 8.30, എയർപോർട്ടിൽ ഇത് 12.30. ഡൽഹിയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള 130 യാത്രക്കാർക്ക് എന്തെങ്കിലും സൗകര്യമുണ്ടോ? എന്ന് ചോദിച്ചായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. സംഭവം സര്‍ക്കാരിന്‍റെ ശ്രദ്ധയിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ എന്നിവരെയും പാണ്ഡ്യ ടാഗ് ചെയ്‌തായിരുന്നു.
വൈകിയുള്ള പറക്കലില്‍ കുടുങ്ങുന്നവര്‍: ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്കും, ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്കും തങ്ങള്‍ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ വരെ അഹമ്മദാബാദിലേക്കുള്ള വിമാനം നാല് മുതല്‍ അഞ്ച് തവണ പുനഃക്രമീകരിച്ചുവെന്ന് മറ്റൊരു യാത്രക്കാരനായ പ്രകാശ് പടേല്‍ പ്രതികരിച്ചു. അതേസമയം ഏപ്രില്‍ ഏഴിനും സമാനമായ സംഭവം നടന്നിരുന്നു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനമാണ് രാത്രി രണ്ട് മണിക്കൂറോളം വൈകി സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ വിമാനത്തിനായുള്ള കാത്തിരിപ്പില്‍ കുടുങ്ങിയ യാത്രക്കാർക്കിടയിലുണ്ടായിരുന്ന ഐഎഎസ് ഓഫിസർ സോണാൽ ഗോയലാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.
സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറങ്ങി: ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് ബെംഗളൂരുവിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. 137 യാത്രക്കാരുമായി വാരാണസിയിലേക്ക് തിരിച്ച ഇൻഡിഗോ വിമാനമാണ് (6E897) തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തത്. ഏപ്രില്‍ നാല് രാവിലെ 6.15നാണ് വിമാനം താഴെ ഇറക്കിയതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതര്‍ വ്യക്തമാക്കി. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സാങ്കേതിക പ്രശ്‌നത്തിന്‍റെ വിശദാംശങ്ങൾ ഇതുവരെയും അറിവായിട്ടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
അതേസമയം ഫെബ്രുവരിയിൽ ഗുജറാത്തിലെ സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തില്‍ സൂറത്തിൽ വച്ച് പക്ഷി ഇടിച്ചിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇൻഡിഗോ ഫ്ലൈറ്റ് എ 320 എയർക്രാഫ്റ്റ് വിടി-ഐസിഐ ഓപ്പറേറ്റിങ് ഫ്ലൈറ്റ് ആറ് ഇ-646 എന്ന വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടതായും ഡിജിസിഎ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്‍റെ നമ്പർ 2 എഞ്ചിൻ ഫാൻ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.