ന്യൂഡല്‍ഹി: വനിത കാബിന്‍ ക്രൂ അംഗത്തോട് മോശമായി പെരുമാറിയ സ്‌പൈസ് ജെറ്റ് യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ജീവനക്കാരിയോട് മോശം പെരുമാറ്റം നടത്തിയ യാത്രക്കാരനെതിരെ നടപടിയെടുത്ത വിവരം സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. യാത്രക്കാരന്‍ കാബിന്‍ ക്രൂ അംഗത്തോട് അനുചിതമായി പെരുമാറുന്നതിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു. യാത്രക്കാരന്‍ ജീവനക്കാരിയോട് മോശമായി പെരുമാറുന്നതും തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നീട് യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്ക് വരേണ്ട സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. ഡല്‍ഹിയില്‍ ബോര്‍ഡിങ് സമയത്താണ് യാത്രക്കാരന്‍ കാബിന്‍ ക്രൂ അംഗത്തോട് മോശമായി പെരുമാറുകയും അവരെ ശല്യപ്പെടുത്തുകയും ചെയ്‌തത്. വിവരം കാബിന്‍ ക്രൂ പിഐസിയേയും സെക്യൂരിറ്റി ജീവനക്കാരെയും അറിയിച്ചു. യാത്രക്കാരനെയും സഹയാത്രികനെയും സുരക്ഷ ജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു എന്ന് എയര്‍ലൈന്‍ ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
കാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരാളെ പ്രസ്‌തുത യാത്രക്കാരന്‍ അനുചിതമായി സ്‌പര്‍ശിച്ചതായും വിമാനത്തിലെ ജീവനക്കാര്‍ ആരോപിച്ചു. അതേസമയം വിമാനത്തിലെ പരിമിതമായ സ്ഥലത്തുണ്ടായ ഒരു യാദൃശ്ചികമായ സംഭവം മാത്രമാണ് ഇതെന്ന് വിമാനത്തിലെ യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരന്‍ പിന്നീട് രേഖാമൂലം ക്ഷമാപണം നടത്തിയെങ്കിലും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു എന്നാണ് എയര്‍ലൈന്‍ നല്‍കുന്ന വിശദീകരണം.
സഹയാത്രികയുടെ മേല്‍ മൂത്രം ഒഴിച്ച സംഭവം: എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് വയോധികയുടെ മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് സ്‌പൈസ് ജെറ്റ് വിഷയം. സംഭവത്തില്‍ ആവശ്യമായ നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് അക്കൗണ്ടബിള്‍ മാനേജര്‍ അടക്കമുള്ള എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
മദ്യ ലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രം ഒഴിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വയോധിക ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് കത്തയച്ചതോടെയാണ് വാര്‍ത്തയായത്. വിമാനത്തില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായതായും പ്രശ്‌നത്തില്‍ ഇടപെടാനോ നടപടി എടുക്കാനോ ജീനവക്കാര്‍ തയ്യാറായില്ലെന്നും വയോധിക കത്തില്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസെടുത്തു. ഇതോടെ ഒളിവില്‍ പോയ പ്രതി ശങ്കര്‍ മിശ്രയെ ബെംഗളൂരുവില്‍ നിന്നാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. കേസ് പരിഗണിച്ച വേളയില്‍ വയോധികയുടെ മേല്‍ മൂത്രമൊഴിച്ചത് താന്‍ അല്ലെന്നും അവര്‍ സ്വയം മൂത്രം ഒഴിച്ചതാണെന്നും മിശ്ര വാദിച്ചു. എന്നാല്‍ ഇയാള്‍ക്ക് നാല് മാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് എയര്‍ ഇന്ത്യ നടപടി എടുത്തു.
ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപ സംഘത്തിന്‍റെ തര്‍ക്കം: ഇന്‍ഡിഗോ എയര്‍ലൈന്‍റെ വിമാനത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ജനുവരി ഒമ്പതിന് ഇൻഡിഗോ എയർലൈൻസിന്‍റെ പട്‌നയിലേക്ക് പോകുന്ന വിമാനത്തിൽ മദ്യപിച്ചെത്തിയ രണ്ട് യാത്രക്കാർ തമ്മിൽ വാക്കേറ്റം ഉണ്ടായി. എന്നാല്‍ ഇത് എയര്‍ലൈന്‍ നിഷേധിക്കുകയാണ് ചെയ്‌തത്. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇന്‍ഡിഗോ പങ്കുവച്ച ട്വീറ്റില്‍ പറയുന്നു.