ജയ്‌പൂർ (രാജസ്ഥാൻ) : വാഹന പരിശോധനക്കിടെ അമിതവേഗതയിൽ എത്തിയ കാർ രണ്ട് പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകർത്താണ് കാർ പൊലീസുകാരെ ഇടിച്ചത്. ജയ്‌പൂർ ജില്ലയിൽ ജോത്വര പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്‌ച (18.05.2022) അർധരാത്രിയാണ് സംഭവം.
അപകടത്തെ തുടർന്ന് കാർ നിർത്താതെ പോകുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കുറച്ചകലെ കാർ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസുകാരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി പരിക്കേറ്റ ഒരു പൊലീസുകാരനെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി.
കാർ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചുമതലയിലുള്ള ഉദ്യോഗസ്ഥൻ രാം നരേഷ് പറഞ്ഞു.