ലഖ്‌നൗ:ഭൂമി ഇടപാടിൽ അഴിമതി നടത്തിയെന്ന് ആരോപിച്ച് രാമ ജന്മഭൂമി ട്രസ്റ്റിനെതിരെ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് തേജ് നാരായൺ പാണ്ഡെ രംഗത്ത്. ഞായറാഴ്ച നടത്തിയ പത്ര സമ്മേളനത്തിലാണ് ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകൾക്കെതിരെ തേജ് നാരായൺ പാണ്ഡെ രംഗത്തെത്തിയത്. അയോധ്യയിലെ വിജേശ്വരിൽ 12,080 ചതുരശ്ര മീറ്റർ സ്ഥലം വാങ്ങിയതിൽ ട്രസ്റ്റ് അഴിമതി നടത്തിയെന്നാണ് ആരോപണം.
Also Read:ഉത്തർപ്രദേശിൽ ആയുധക്കടത്ത് സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു
18.5 കോടി രൂപയ്ക്കാണ് ട്രസ്റ്റ് സ്ഥലം വാങ്ങിയത്. എന്നാൽ ട്രസ്റ്റ് വാങ്ങുന്നതിന് 10 മിനിട്ട് മുമ്പ് ഇതേ സ്ഥലം രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നീ വ്യക്തികൾ ചേർന്ന് വെറും രണ്ട് കോടി രൂപയ്‌ക്ക് വാങ്ങിയതാണെന്ന് തേജ് നാരായൺ പാണ്ഡെ ആരോപിച്ചു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 17 കോടി രൂപ അയച്ചതായും ട്രസ്റ്റിനെതിരെ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രസ്റ്റ് അംഗം അനിൽ മിശ്രയും അയോധ്യ മേയർ റിഷികേശ് ഉപാധ്യായയും വിൽപന കരാറുകളിൽ സാക്ഷികളാണെന്നും തേജ് നാരായൺ പാണ്ഡെ പറഞ്ഞു. രാമ ജന്മഭൂമി ട്രസ്റ്റിനെതിരെ ഭൂമി ഇടപാട് വിഷയത്തിൽ ആം ആത്മി പാർട്ടിയും രംഗത്തെത്തിയിരുന്നു. വൈകിട്ട് 7.10ന് രണ്ട് കോടി രൂപയ്‌ക്ക് വിറ്റ ഭൂമി 7.15ന് ട്രസ്റ്റ് 18.5 കോടിക്ക് വാങ്ങിച്ചെന്ന് ആം ആത്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് ട്വിറ്ററിലൂടെ ആരോപിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം ട്രസ്റ്റ് നിഷേധിച്ചു.