ബെംഗളൂരു: ദുബായിൽ നിന്ന് കർണാടകയിലെ ബെല്ലാരിയിലെത്തിയ രണ്ട് പേരിൽ ദക്ഷിണാഫ്രക്കൻ വകഭേദമായ കൊവിഡ് വൈറസ് കണ്ടെത്തി. ഫെബ്രുവരി 17ന് ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ സഹോദരങ്ങളായ രണ്ട് പേർക്കും വിമാനത്താവള അധികൃതർ ടെസ്റ്റ് നടത്തിയപ്പോൾ കൊവിഡ് നെഗറ്റീവ് ആണെന്നായിരുന്നു റിപ്പോർട്ട് വന്നിരുന്നത്.
എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഇവർക്ക് പനി ബാധിച്ചു. വീണ്ടും ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വരുകയുമായിരുന്നു. ഇവരുടെ രണ്ട് പേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ബെല്ലാരിയിലെ ട്രോമ കെയർ സെന്‍ററിലെ ചികിത്സക്ക് ശേഷം രണ്ട് പേരും നിലവിൽ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണ്.