ചണ്ഡിഗഡ്: 2022 ല്‍ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ തന്‍റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടൻ സോനു സൂദ്. സംസ്ഥാനത്തെ മോഗയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏത് രാഷ്ട്രീയ പാർട്ടിയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സോനു സൂദ് തയ്യാറായില്ല.
സോനു സൂദ് അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. പിന്നാലെയാണ് പ്രഖ്യാപനവുമായി താരം രംഗത്തെത്തിയത്. രാഷ്ട്രീയത്തിൽ ചേരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തത്‌ക്കാലം അതിന് ഉദ്ദേശമില്ലെന്നായിരുന്നു സോനു സൂദിന്‍റെ മറുപടി.
ALSO READ: ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 17 പേർക്ക് പരിക്ക്
തനിക്ക് രാഷ്ട്രീയത്തിൽ വരാൻ ഇപ്പോൾ ഉദ്ദേശമില്ല. എന്നാൽ പഞ്ചാബിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തയാളാണ് തന്‍റെ സഹോദരി. മാളവിക തീർച്ചയായും ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് സോനു സൂദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.