മുംബൈ: ബോളിവുഡ് ഗായകൻ സോനു നിഗത്തിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. താരവും കുടുംബവും ഇപ്പോൾ ദുബായിലെ വീട്ടിൽ നിരീക്ഷണത്തിലാണ്.
'ഞാൻ ഇപ്പോൾ കൊവിഡ് പോസിറ്റീവാണ്. ഭുവനേശ്വറിൽ ഒരു സംഗീത പരിപാടിക്കായി പോകാനിരിക്കവെയാണ് കൊവിഡ് പിടിപെടുന്നത്. പല തവണ പരിശോധന നടത്തിയെങ്കിലും എല്ലാ തവണയും ഫലം പോസിറ്റീവായിരുന്നു. അതിനാൽ പരിപാടികൾ റദ്ദാക്കേണ്ടിവരും, താരം അറിയിച്ചു.
കൊവിഡ് പോസിറ്റീവായെങ്കിലും രോഗത്തിന്‍റെ അസ്വസ്ഥതകൾ ഇല്ലെന്നും സോനു പറഞ്ഞു. 'ഇതിന് മുൻപ് പലതവണ വൈറൽ പനിയും തെണ്ടവേദനയും പിടിപെട്ടപ്പോഴും ഞാൻ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്നത്തെക്കാൾ മികച്ച നിലയിലാണ് എന്‍റെ ആരോഗ്യം.
ALSO READ: Deepika Padukone Birthday : പിറന്നാള്‍ നിറവില്‍ ദീപിക പദുകോണ്‍ ; ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കി
'എല്ലാവരും കരുതലോടെയിരിക്കണം. എന്നാൽ ആരും പേടിക്കരുത്. ഇപ്പോൾ കൊവിഡ് പെട്ടന്ന് പടർന്ന് പിടിക്കുകയും പരിഭ്രാന്തി സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമ പ്രവർത്തകരുടേയും, മറ്റ് കലാകാരൻമാരുടേയും അവസ്ഥയോർത്ത് എനിക്ക് ദുഃഖം തോന്നുന്നു, സോനു കൂട്ടിച്ചേർത്തു.