ന്യൂഡൽഹി: പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനം ആരംഭിക്കാനിരിക്കെ കോൺഗ്രസിന്‍റെ പാർലമെന്‍ററി സമിതികൾ പുന:സംഘടിപ്പിച്ചു. പാർലമെന്‍റിന്‍റെ ഇരു സഭകളിലെയും നടപടികൾ ഏകോപിക്കുന്നതിന് 14 അംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് സമിതികൾ പുന:സംഘടിപ്പിച്ചത്.
അധിർ രഞ്ജൻ ചൗധരി ലോക്‌സഭാ കക്ഷി നേതാവായി തുടരും. അന്തരിച്ച നേതാവ് തരുൺ ഗോഗോയിയുടെ മകൻ ഗൗരവ് ലോക്‌സഭയിലെ ഉപനേതാവാകും. ലോക്‌സഭ സമിതിയില്‍ അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗൊയ്, ശശിതരൂർ, മനീഷ് തിവാരി, കൊടിക്കുന്നില്‍ സുരേഷ്, മാണികം ടാഗോർ, രവനീത് ബിട്ടു എന്നിവരാണുള്ളത്.
രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയാണ് സഭാ നേതാവ്. ആനന്ദ് ശർമ്മ, ജയറാം രമേശ്, അംബിക സോണി, ദിഗ്‌വിജയ സിങ്, പി. ചിദംബരം, കെ.സി. വേണുഗോപാൽ എന്നിവർ സമിതി അംഗങ്ങളാണ്. സെഷനിൽ സ്ഥിരമായി കൂടിക്കാഴ്ച നടത്തുമെന്നും ആവശ്യ ഘട്ടങ്ങളിൽ ഖാർഗെയ്ക്ക് സംയുക്ത മീറ്റിങ്ങുകള്‍ വിളിക്കാൻ അധികാരമുണ്ടെന്നും സോണിയാ ഗാന്ധി കത്തിൽ പറയുന്നു.
വരാനിരിക്കുന്ന മൺസൂൺ സെഷനിൽ പണപ്പെരുപ്പം, ഇന്ധന വിലവർധനവ്, കൊവിഡ് നിയന്ത്രണ സംവിധാനങ്ങളിലെ അപാകതകൾ, ചൈനയുമായുള്ള അതിർത്തി പ്രശ്‌നം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. റഫാൽ വിഷയവും കോൺഗ്രസ് സഭയില്‍ ഉന്നയിക്കും. ജൂലൈ 19 നാണ് പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നത്.
Also read: കൻവാർ തെറ്റെങ്കില്‍ ഈദും തെറ്റ്; കേരളത്തിനെ വിമർശിച്ച് മനു അഭിഷേക് സിങ്‌വി