ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ പിസിസി അധ്യക്ഷൻമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) ചർച്ച ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി. പാർട്ടിയുടെ മുഖ്യ വക്താവ് രൺദീപ് സുർജേവാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു സംസ്ഥാനങ്ങളിലും വിജയിക്കാനാകാത്ത കോൺഗ്രസ്, തങ്ങളുടെ തട്ടകമായിരുന്ന പഞ്ചാബിൽ ആം ആദ്‌മി പാർട്ടിയോട് പരാജയപ്പെട്ടു.
സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾക്ക് തുടക്കമിടണമെന്ന് യോഗത്തിൽ കോൺഗ്രസ് പ്രസിഡന്‍റിനോട് സമിതി ആവശ്യപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുടെ നേതൃസ്ഥാനത്തിലുള്ള തങ്ങളുടെ വിശ്വാസം ഐകകണ്ഠേന ഉറപ്പാക്കുന്നുവെന്ന് അറിയിച്ച പ്രവർത്തക സമിതി, സംഘടനാപരമായ ബലഹീനതകൾ പരിഹരിക്കാനും സമഗ്രമായ മാറ്റങ്ങൾ സംഘടനയിൽ വരുത്താനും കോൺഗ്രസ് പ്രസിഡന്‍റിനോട് അഭ്യർഥിച്ചു.
ALSO READ:അധികാരം പിടിച്ചെങ്കിലും ഗോവയില്‍ ബിജെപിക്ക് തലവേദന ; മുഖ്യമന്ത്രി പദത്തിനായി സാവന്തും റാണെയും