ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (Sonia Gandhi Admitted To Delhi Hospital). നേരിയ പനിയെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ഡല്‍ഹി ഗംഗാ റാം ആശുപത്രിയില്‍ (Delhi's Sir Ganga Ram Hospital) പ്രവേശിപ്പിച്ചത്. നിലവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഇപ്പോൾ ആരോഗ്യനില തൃപ്‌തികരമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കഴിഞ്ഞ വർഷം കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വാർത്ത, അവരുടെ ആരോഗ്യനില വഷളായെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ സൃഷ്‌ടിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്താതെ പാർട്ടി പങ്കുവച്ചിരുന്ന ട്വീറ്റാണ് പ്രവർത്തകർക്കിടയിൽ ആശങ്കയ്‌ക്ക് കാരണമാക്കിയിരുന്നത്. സമീപകാലത്ത്, ചികിത്സയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നിരവധി തവണ അമേരിക്കയിൽ പോയിട്ടുണ്ട്.
നേരത്തെ ശ്വാസകോശ അണുബാധയെ തുടർന്ന് കോൺഗ്രസ് നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സെപ്‌റ്റംബർ ഒന്നിന് മുംബൈയിൽ നടന്ന പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ യോഗത്തിലാണ് മുൻ കോൺഗ്രസ് അധ്യക്ഷ പങ്കെടുത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.