ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മാർച്ച് 26ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ എല്ലാ ജനറൽ സെക്രട്ടറിമാരോടും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സംഘടനാ പരമായ അഴിച്ചുപണി ആവശ്യപ്പെടുന്ന ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, മനീഷ് തിവാരി, വിവേക് തൻഖ എന്നിവരുൾപ്പെടെയുള്ള ജി 23 നേതാക്കളുമായി സോണിയ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.
ALSO READ: കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ; ഡ്രൈവർക്ക് മർദനം
സംഘടന തെരഞ്ഞെടുപ്പുകൾ, അംഗത്വ വിതരണം, പ്രതിഷേധ പരിപാടികളുടെ ആസൂത്രണം, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. യോഗത്തിൽ പങ്കെടുക്കുന്ന സോണിയ ഗാന്ധി ഇതുവരെയുള്ള അംഗത്വ വിതരണത്തിന്‍റെ പുരോഗതിയും പാർട്ടിയുടെ ഭാവി പരിപാടികളും അവലോകനം ചെയ്യുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.