ഹിസാർ (ഹരിയാന) : ഗോവയിൽ കൊല്ലപ്പെട്ട ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി മകൾ യശോദര ഫോഗട്ട്. നിലവിൽ ഗോവ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ സൊണാലി ഫോഗട്ടിന്‍റെ കുടുംബാംഗങ്ങൾ തൃപ്‌തരല്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും യശോദര ഫോഗട്ട് ആവശ്യപ്പെടുന്നു.
ഓഗസ്റ്റ് 27ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം സിബിഐ അന്വേഷണം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെയും തുടർ നടപടികൾ ഉണ്ടായിട്ടില്ല. പ്രതികളെ ഇപ്പോഴും ഗോവയിൽ പാർപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം പോലും ഗോവ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമ്മയ്ക്ക് നീതി വേണമെന്നും സിബിഐ അന്വേഷണം ഉണ്ടാകുന്നതുവരെ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്നും യശോദര വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഗോവയിൽ ഒരാഴ്‌ചയോളം ഷൂട്ടിങ് ഉണ്ടാകുമെന്നാണ് അമ്മ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ റിസോർട്ട് രണ്ട് ദിവസത്തേക്ക് മാത്രമാണ് ബുക്ക് ചെയ്‌തിരുന്നത്. കൊലപാതകം ആസൂത്രിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും യശോദര പറയുന്നു.
'ഗോവ പൊലീസ് എത്തുന്നുവെന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ': അന്വേഷണത്തിനായി ഗോവ പൊലീസ് ഹരിയാനയിൽ എത്തുന്ന വിവരം തങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് സൊണാലി ഫോഗട്ടിന്‍റെ അമ്മായി മനോജ് ഫോഗട്ട്. ഗോവ പൊലീസ് എപ്പോൾ വരുമെന്ന് തങ്ങൾക്ക് അറിയില്ല. ലോക്കൽ പൊലീസാണ് ഔദ്യോഗികമായി ഞങ്ങളെ വിവരമറിയിക്കേണ്ടത്. എന്നാൽ ഇതുവരെ അതുണ്ടായില്ലെന്നും മനോജ് ഫോഗട്ട് അറിയിച്ചു.
അന്വേഷണത്തിൽ തൃപ്‌തനെന്ന് ഗോവ മുഖ്യമന്ത്രി: സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് രഹസ്യ റിപ്പോർട്ട് അയച്ചിട്ടുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഗോവ പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിൽ താൻ സംതൃപ്‌തനാണ്. കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. ഉടൻ കുറ്റപത്രം സമർപ്പിക്കും. സൊണാലിയുമായി ബന്ധപ്പെട്ട സ്വത്തുക്കളും അക്കൗണ്ടുകളും പൊലീസ് സംഘം അന്വേഷിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
ഓഗസ്റ്റ് 23ന് നോർത്ത് ഗോവയിലെ അഞ്ജുനയിലെ സെന്‍റ് ആന്‍റണി ആശുപത്രിയിൽ വച്ചാണ് സൊണാലി മരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൊണാലിയുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവ് കണ്ടെത്തിയതിനെ തുടർന്ന് ഗോവ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഓഗസ്റ്റ് 22ന് ഹരിയാനയിൽ നിന്ന് ഗോവയിലേക്ക് തിരിച്ച ജനപ്രിയ ടിക് ടോക്ക് താരം കൂടിയായ സോണാലിക്കൊപ്പം സുഖ്‌വീന്ദറും, സുധീറുമുണ്ടായിരുന്നു. ഓഗസ്റ്റ് 22നും 23നും ഇടയ്‌ക്കുള്ള രാത്രിയിൽ കുർലീസ് റെസ്‌റ്റോറന്‍റിൽ പാർട്ടി നടത്തുന്നതിനിടെ സുഖ്‌വീന്ദറും, സുധീറും സോണാലിക്ക് പാനീയത്തില്‍ ലഹരി കലർത്തി കുടിക്കാന്‍ നല്‍കിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.