വെസ്റ്റ് സിങ്ഭും (ജാർഖണ്ഡ്): ചായ്ബസയിലെ പുരാന വിമാനത്താവളത്തിന് സമീപം സോഫ്‌റ്റ്‌വെയർ എൻജിനീയറെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ശനിയാഴ്‌ച അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണ സംഘം സമീപ പ്രദേശങ്ങളിൽ റെയ്‌ഡ് നടത്തുകയാണ്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ എസ്‌പി അശുതോഷ് ശേഖർ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ചായ്ബസ ഡിഎസ്‌പി ദിലീപ് ഖാൽകോ, ജഗന്നാഥ്പുർ ഡിഎസ്‌പി ഇകുദ് ദങ്ദങ് എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. പ്രതികളെ പിടികൂടാൻ ടെക്‌നിക്കൽ സെല്ലിന്‍റെ സഹായം തേടുന്നുണ്ടെന്നും ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണെന്നും എസ്‌പി അശുതോഷ് ശേഖർ അറിയിച്ചു.
വ്യാഴാഴ്‌ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം എയറോഡ്രോമിലേക്ക് പോകുകയായിരുന്ന യുവതിയെ സ്ഥലത്തെത്തിയ 10ഓളം പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സോഫ്‌റ്റ്‌വെയർ എൻജിനീയറായ യുവതി ചായ്‌ബസയിലെ വാടക വീട്ടിലാണ് താമസം. സംഭവ ദിവസം വൈകുന്നേരം സുഹൃത്തുമായി സ്‌കൂട്ടറിൽ പുറത്തുപോയതായിരുന്നു യുവതി. സംഭവസ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചു നിൽക്കെ 10ഓളം പേർ എത്തി യുവതിയെ മർദിക്കുകയും ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങിയതോടെ യുവതിയെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഇവരുടെ മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന 5000 രൂപയും പ്രതികൾ മോഷ്‌ടിച്ചു.
എങ്ങനെയോ വീട്ടിലെത്തിയ യുവതി പറയുമ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. നിലവിൽ സദർ ആശുപത്രിയിൽ യുവതി ചികിത്സയിലാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു