തുമകുരു(കര്‍ണാടക) : കര്‍ണാടകയിലെ കൊരട്ടഗെരെ താലൂക്കില്‍ പാമ്പിനെ ഭയപ്പെട്ട് ഒരു കുടുംബം. വീട്ടുകാര്‍ക്ക് നിരന്തരം പാമ്പുകടിയേല്‍ക്കുന്നതിനെ തുടര്‍ന്നാണ് ജോലിസ്ഥലത്തേക്ക് പോകാന്‍ പോലും ഇവര്‍ മടിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ തൊഗാരി ഘട്ട ഗ്രാമത്തിലുള്ള ഒരു കുടുംബത്തിലെ 12 പേർക്കാണ് പാമ്പുകടിയേറ്റത്. ഇതില്‍ അഞ്ച് പേര്‍ മരിക്കുക കൂടി ചെയ്‌തതോടെ ബാക്കിയുള്ള കുടുംബാംഗങ്ങൾ കൃഷിയിടങ്ങളിലേക്ക് പോകാൻ ഭയപ്പെടുകയാണ്.
അടുത്തിടെ ഈ കുടുംബത്തിലെ അംഗമായ ഗോവിന്ദ രാജു വയലിൽ കൃഷി നനയ്ക്കാൻ പോയപ്പോൾ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മരിച്ചു. മുളക് കൃഷി നടത്തിയാണ് ഇവരുടെ ഉപജീവനം. ചെടികള്‍ വളർന്നിട്ടും ഇവര്‍ പാടത്തേക്കിറങ്ങാന്‍ ഭയപ്പെടുകയാണ്. ഇവരുടെ വയലിൽ പണിയെടുക്കാൻ പുറത്തുനിന്ന് ജോലിക്കാരും വരാറില്ല. ഇത്തരത്തിലെല്ലാം ഉഴലുകയാണ് ഈ കുടുംബം.