ന്യൂഡല്‍ഹി: കാഴ്‌ച വെല്ലുവിളി നേരിടുന്നവര്‍ക്കും കാഴ്‌ച പരിമിതി അലട്ടുന്നവര്‍ക്കുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) മെഷീന്‍ ലേണിങ് ടെക്‌നോളജി അടിസ്ഥാനമാക്കി പ്രത്യേക കണ്ണടകള്‍ നിര്‍മിച്ച് ഡല്‍ഹിയിലെ സ്വകാര്യ കണ്ണാശുപത്രി. വിഷന്‍ എയ്‌ഡ് ഇന്ത്യയുടെയും ബെംഗളൂരു ആസ്ഥാനമായുള്ള സ്‌റ്റാര്‍ട്ട്‌അപ്പ് കമ്പനിയായ എസ്‌എച്ച്‌ജിയുമായി കൈകോര്‍ത്ത് ഡോ.ഷ്രോഫ്‌സ് ചാരിറ്റി ഐ ഹോസ്‌പിറ്റലാണ് വിപ്ലവകരമായ ഈ നിര്‍മിതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. കാമറ, സെന്‍സര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ മെഷീൻ ലേണിങ് ടെക്‌നോളജി എന്നിവ സംയോജിപ്പിച്ചാണ് ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലുള്ള ഭാരം കുറഞ്ഞ ഈ കണ്ടെത്തല്‍.
മുന്നിലുള്ളവയെ ചിത്രങ്ങളായി കണ്ണിലെത്തിക്കുക, വാക്കിങ് അസിസ്‌റ്റന്‍സ്, മുഖം തിരിച്ചറിയുന്നതിനുള്ള ഫേസ് റെകഗ്‌നിഷന്‍ ശേഷി തുടങ്ങി ധരിക്കുന്നയാള്‍ക്ക് വായിക്കുവാനും വിവരങ്ങൾ മനസ്സിലാക്കുവാനും സ്‌മാര്‍ട് ഇയർപീസും കണ്ണടയുടെ പ്രത്യേകതയാണ്. ഇവ കൂടാതെ മുന്നോട്ടുള്ള വഴിയിലെ തടസങ്ങളെ മറികടക്കുന്നതിനായി വോയ്‌സ് അസിസ്‌റ്റന്‍സ് സൗകര്യവും ജിപിഎസ് നാവിഗേഷന്‍ സൗകര്യവും കണ്ണടയിലുണ്ട്.
അഭിമാനത്തോടെ നിര്‍മാതാക്കള്‍: കാഴ്‌ച വൈകല്യമുള്ള വ്യക്തികളുടെ ജീവിതത്തിൽ വിപ്ലവം സൃഷ്‌ടിക്കാൻ സാങ്കേതികവിദ്യയ്ക്ക് ശക്തിയുണ്ടെന്നും രാജ്യത്ത് നിന്ന് അന്ധത തുടച്ചുനീക്കുന്നതിനുള്ള ഈ പുരോഗതിയുടെ മുൻപന്തിയിൽ നിൽക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും സ്‌മാർട് വിഷൻ ഗ്ലാസുകളുടെ നിര്‍മാതാക്കളായ ഡോ.ഷ്രോഫ്‌സ് ചാരിറ്റി ഐ ഹോസ്‌പിറ്റലിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സിഇഒയുമായ ഉമാങ് മഥുര്‍ അറിയിച്ചു. കാഴ്‌ച വൈകല്യമുള്ളവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് സ്‌മാര്‍ട് വിഷൻ ഗ്ലാസുകൾ. ഒരാളുടെ സാമ്പത്തിക നിലയോ ശാരീരികാവസ്ഥയോ പരിഗണിക്കാതെ മനുഷ്യന്‍റെ അടിസ്ഥാന അവകാശമായ ആരോഗ്യ സംരക്ഷണം എല്ലാവർക്കും പ്രാപ്യമായിരിക്കണമെന്നത് തങ്ങളുടെ ഉറച്ച വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് കാഴ്‌ച വെല്ലുവിളി നേരിടുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്‌മാർട്ട് വിഷൻ ഗ്ലാസുകൾ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏകദേശം 15 ദശലക്ഷം അന്ധരും, മറ്റ് 135 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള കാഴ്‌ച വൈകല്യമുള്ളവരുമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.
കാഴ്‌ച പരിമിതര്‍ക്ക് സഹായിയായി ബഡ്ഡി സീബ്രയും: കാഴ്‌ച പരിമിതിയുമുള്ളവർക്കും കേൾവിക്കുറവുള്ളവര്‍ക്കും റോഡ് മുറിച്ച് കടക്കാനായി കേരളത്തിലെ തൃശൂരില്‍ ട്രാഫിക് സിഗ്നലുകൾ തൊട്ട് മനസ്സിലാക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. 'ബഡ്ഡി സീബ്ര' എന്ന പേര് നൽകിയിട്ടുള്ള ഉപകരണം രാജ്യത്ത് ആദ്യമായിട്ടായിരുന്നു അവതരിപ്പിച്ചത്. നിലവിലെ ട്രാഫിക് സിഗ്നൽ സംവിധാനവുമായാണ് ബഡ്ഡി സീബ്ര ബന്ധിപ്പിച്ചിട്ടുള്ളത്. ഇതുപ്രകാരം സംവിധാനത്തിന് മുകൾഭാഗത്ത് പ്രത്യേകം ഘടിപ്പിച്ച ഡോം ഭാഗം സിഗ്നലിൽ ചുവപ്പ് തെളിയുമ്പോൾ കറങ്ങുകയും പ്രത്യേക ശബ്‌ദം ഉണ്ടാക്കുകയും ചെയ്യും. ഇതോടെ ഇതിൽ സ്‌പർശിക്കുന്ന കാഴ്‌ച പരിമിതിയുള്ളവർക്ക് ഡോം കറങ്ങുന്നത് നിലയ്‌ക്കുന്നത് വരെ റോഡ് മുറിച്ച് കടക്കാനുള്ള സമയം കൃത്യമായി മനസിലാക്കാനുമാകും. മാത്രമല്ല ഉപകരണം പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്‌ദം റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാനും ഇവരെ സഹായിക്കും.
കാഴ്‌ചയില്ലാത്തവർക്ക് റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനം എന്ന സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്‍റെ നിർദേശപ്രകാരം ട്രാഫിക് എസ്ഐ ബിനനാണ് ഇതിനായി ഒരു ആശയം രൂപപ്പെടുത്തിയെടുക്കുന്നത്. തുടര്‍ന്ന് പൊലീസ് അക്കാദമിയിലെ എസ്ഐ ബോബി ചാണ്ടി ഈ സംവിധാനം നിർമിച്ചെടുത്തതോടെ കാഴ്‌ചയില്ലാത്തവർക്കും ബധിരർക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാഫിക് സിസ്‌റ്റം തൃശൂർ നായ്ക്കനാലിൽ സ്ഥാപിക്കപ്പെടുകയായിരുന്നു.