ഗുരുഗ്രാം : ഡല്‍ഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയില്‍ ബസിന് തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ് രണ്ട് പേര്‍ മരിച്ചു. 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച (നവംബര്‍ 8) രാത്രി 8.30 ഓടെയാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നും ജയ്‌പൂരിലേക്ക് യാത്ര ചെയ്‌ത സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. എക്‌സ്‌പ്രസ് വേയില്‍ എത്തിയതോടെ ബസിന് മുന്‍വശത്ത് നിന്നും തീ പടരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗുരുഗ്രാം പൊലീസും അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു.
തീപിടിത്തത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അഞ്ച് പേരെ മേദാന്ത ആശുപത്രിയിലും ബാക്കിയുള്ളവരെ സിവില്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചതെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ നിശാന്ത് കുമാര്‍ യാദവ് ഗുരുഗ്രാം പൊലീസ് കമ്മിഷണര്‍ വികാസ് കുമാര്‍ അറോറയും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പൊള്ളലേറ്റ് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അതോടൊപ്പം ബസിന് തീപിടിക്കാനുണ്ടായ കാരണം കണ്ടെത്താനും അന്വേഷണം ആരംഭിച്ചു.