ലഖ്‌നൗ : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ എസ്‌പിയില്‍ ചേക്കേറി വിവിധ പാര്‍ട്ടികളിലെ എംഎല്‍എമാര്‍. 6 ബിഎസ്‌പി അംഗങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒരു ബിജെപി അംഗവും പാര്‍ട്ടിയുടെ ഭാഗമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.
നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ജനറൽ സെക്രട്ടറി സതീഷ് മിശ്ര വ്യക്തമാക്കിയിരുന്നു. മറ്റ് പാർട്ടികളുമായി സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്ക് മത്സരിച്ച് സർക്കാർ രൂപീകരിക്കണമെന്നതാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
READ MORE: യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമോയെന്ന് പ്രിയങ്ക തീരുമാനിക്കുമെന്ന് സൽമാൻ ഖുർഷിദ്
എന്നാല്‍ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സഖ്യത്തിന് ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് തുറന്ന നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന നേതൃത്വവും വിശദീകരിച്ചിട്ടുണ്ട്. തങ്ങളെ സമീപിക്കുന്ന ഏതൊരു പാർട്ടിയുമായും ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.