ചെന്നൈ : തമിഴ്‌നാട്ടിലെ വെല്ലൂര്‍ കോട്ട സന്ദര്‍ശിക്കാനെത്തിയ യുവതിയെ നിര്‍ബന്ധിച്ച് ഹിജാബ് അഴിപ്പിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്‌ത സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ഇമ്രാൻ ബാഷ (22), അഷ്‌റഫ് ബാഷ (20), മുഹമ്മദ് ഫൈസൽ (23), സന്തോഷ് (23), ഇബ്രാഹിം ബാഷ (24), പ്രശാന്ത് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ 27ന് ഉച്ചയ്‌ക്കാണ് കേസിനാസ്‌പദമായ സംഭവം.
സുഹൃത്തിനൊപ്പം കോട്ട സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് യുവാക്കളെത്തി നിര്‍ബന്ധിച്ച് ഹിജാബ് അഴിപ്പിച്ചത്. കൂട്ടത്തിലൊരാള്‍ ഹിജാബ് അഴിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്‌തു. സംഭവത്തില്‍ വെല്ലൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
വ്യക്തി സ്വാതന്ത്ര്യം ഹനിക്കുക, ആളുകൾക്കിടയിൽ ശത്രുത ഉണ്ടാക്കുക, സ്ത്രീകളുടെ മാന്യതയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വെല്ലൂര്‍ പൊലീസ് സൂപ്രണ്ട് എസ് രാജേഷ് കണ്ണന്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.