ന്യൂഡൽഹി: വൈസ് ചാൻസലർമാരെ പുറത്താക്കാൻ ഭരണഘടന ഗവർണർക്ക് അധികാരം നൽകുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒൻപത് സർവകലാശാലകളിലെ വിസിമാരോട് രാജിവച്ചൊഴിയാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തിലെ സാക്ഷരത നിരക്ക് ഉയർന്നതാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും തകർക്കാനുമാണ് കേരള ഗവർണർ ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ആർഎസ്എസ് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് രാജിവയ്ക്കാൻ വിസിമാർക്ക് നിർദേശം നൽകിയതിന് പിന്നിലെ ലക്ഷ്യം. ഗവർണറുടെ നീക്കം വെല്ലുവിളിക്കപ്പെടേണ്ടതാണ്. ജുഡീഷ്യറിയും ഇക്കാര്യം കണക്കിലെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.
സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11.30ന് മുൻപ് രാജി വയ്ക്കണമെന്നായിരുന്നു നിർദേശം.