ബെംഗളുരു: സ്ലീസ് സിഡി കേസിൽ ബലാത്സംഗത്തിനിരയായ യുവതി ചൊവ്വാഴ്ച മജിസ്ട്രേട്ടിന്‍റെ മുൻപിൽ ഹാജരായി മൊഴി രേഖപ്പെടുത്തി. ഇന്ന് വീണ്ടും അന്വേഷണ സംഘത്തിനു മുൻപാകെ ചോദ്യം ചെയ്യലിനു വേണ്ടി ഹാജരാകും.
ഇക്കാലമത്രയും പൊലീസിന്‍റെ മുമ്പാകെ ഹാജരാകുന്നത് ഒഴിവാക്കിയിരുന്ന യുവതി വീഡിയോകൾ വഴിയായിരുന്നു തന്‍റെ പ്രസ്താവനകൾ നൽകിയിരുന്നത്. എന്നാൽ കേസ് അന്വേഷിക്കുന്ന കോരമംഗലയിലെ അന്വേഷണ സംഘത്തിന്‍റെ ഓഫിസിലേക്ക് പോകുന്നതിനുമുമ്പ് മജിസ്‌ട്രേറ്റിന് മൊഴി നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് മണിക്കൂറോളം യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ മുൻ മന്ത്രി രമേശ് ജാർക്കിഹോളിയുമായി സംസാരിച്ച ഫോൺ സംഭാഷണങ്ങൾ പോലെയുള്ള തെളിവുകൾ യുവതി ഹാജരാക്കി.
തിങ്കളാഴ്ച യുവതിയുടെ അഭിഭാഷകൻ പൊലീസിനെ അവിശ്വസിക്കുന്നതായി ആരോപിച്ച് മജിസ്‌ട്രേറ്റിന്‍റെ മുൻപാകെ മൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടിയിരുന്നു. അനുമതി ലഭിച്ചതിനെ തുടർന്നാണ് യുവതി മജിസ്ട്രേട്ടിന്‍റെ മുൻപിൽ ഹാജരായത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ കോടതി പരിസരത്തു നിന്ന് മാറിയാണ് മൊഴി നൽകിയത്.