ഫറൂഖാബാദ് : ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സ്വവർഗ്ഗ വിവാഹത്തിനൊരുങ്ങി അര്‍ധ സഹോദരിമാർ(Sisters In Love At Farrukhabad- Adamant On Marrying Each Other). മൊഹമ്മദാബാദ് കോട്‌വാലി പ്രദേശത്തെ ഒരു ഗ്രാമത്തിലാണ് പരസ്‌പരം പ്രണയിച്ച കസിന്‍സ് വിവാഹത്തിനൊരുങ്ങുന്നത്. സഹോദരങ്ങളുടെ മക്കളാണ് രണ്ടാളും.
ബുധനാഴ്ച വൈകിട്ടാണ് ഇരുവരും വിവാഹത്തിന് പദ്ധതിയിട്ടത്. ഇതറിഞ്ഞ് ഇരുവരുടെയും വീട്ടുകാര്‍ എതിർപ്പുമായി രംഗത്തെത്തി. പെൺകുട്ടികൾ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ വീട്ടുകാർ ഇവരെ മർദ്ദിച്ചു. ഇതോടെ ഇവർ 112 ഡയൽ ചെയ്‌ത് പൊലീസ് സഹായം തേടുകയായിരുന്നു.
തുടർന്ന് താജ്‌പൂർ ഔട്ട്‌പോസ്റ്റ് ഇൻചാർജ് സുനിൽ സിസോദിയ സ്‌റ്റലത്തെത്തി. അദ്ദേഹം പെൺകുട്ടികളുമായി സംസാരിച്ച ശേഷം അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പോലീസും വീട്ടുകാരും മണിക്കൂറുകളോളം സംസാരിച്ചിട്ടും ഇരുവരും വിവാഹം കഴിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെ പോലീസ് ഇരുവരെയും മൊഹമ്മദാബാദ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ വച്ചും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമം നടന്നെങ്കിലും സഹോദരിമാർ വിവാഹം കഴിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
രണ്ട് പെൺകുട്ടികളും തീരുമാനത്തിൽ നിന്ന് പിന്മാറാതെ വന്നതോടെ ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഫത്തേഗറിലെസി സഖി വൺ സ്റ്റോപ്പ് സെന്‍ററിലാണ് പെൺകുട്ടികൾ. ഇവരെ കോടതിയിൽ ഹാജരാക്കി സ്ഥിതിഗതികൾ പറഞ്ഞ് മനസ്സിലാക്കാനാണ് അടുത്ത നീക്കം.