റെയ്‌സൻ(മധ്യപ്രദേശ്): ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുന്നതിനാല്‍ മകൾക്ക് അഡ്‌മിഷൻ നിഷേധിച്ച സ്‌കൂൾ മാനേജ്മെന്‍റിനെതിരെ പരാതി നൽകി യുവതി. മധ്യപ്രദേശിലെ റെയ്‌സനിൽ ഗൈരത്ഗഞ്ച് സ്‌കൂളിലാണ് സംഭവം. ഗൈരത്ഗഞ്ച് നിവാസിയായ സുനിത ആര്യയുടെ മകൾക്കാണ് സ്‌കൂളിൽ പ്രവേശനം ലഭിക്കാതിരുന്നത്.
ജൂലൈ ഒന്നിനാണ് സുനിത അഞ്ച് വയസുകാരിയുമായി സ്‌കൂളിൽ അഡ്‌മിഷന് വേണ്ടി എത്തിയത്. പ്രവേശനത്തിന് ആവശ്യമായ രേഖകളും ഫീസും സമർപ്പിക്കാൻ സ്‌കൂൾ മാനേജ്മെന്‍റ് നിർദേശം നൽകിയിരുന്നു. അഡ്‌മിഷൻ ഫോം പൂരിപ്പിക്കുന്നതിനിടയിലാണ് താൻ സിംഗിൾ പേരന്‍റാണെന്നും ഭർത്താവിനൊപ്പമല്ല താമസം എന്നും അധികൃതരെ അറിയിച്ചത്.
തുടർന്ന് അന്തിമതീരുമാനം നാളെ അറിയിക്കാമെന്ന് സ്‌കൂൾ മാനേജ്മെന്‍റ് സുനിതയെ അറിയിച്ചു. അടുത്ത ദിവസം സ്‌കൂളിൽ എത്തിയപ്പോൾ സീറ്റുകൾ ഒഴിവില്ലെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. മകൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സുനിത ജില്ല കലക്‌ടർക്കും എസ്‌പിക്കും പരാതി നൽകി.
സുനിത ആര്യയുടെ ആരോപണം: സ്‌കൂൾ മാനേജ്‌മെന്‍റ് തന്നെ പ്രത്യേകം വിളിച്ച് ഞങ്ങൾ ഇത്തരം അഡ്‌മിഷനുകൾ നടത്തുന്നില്ലെന്നും ഇങ്ങനെയുള്ള അഡ്‌മിഷൻ നടത്തിയാൽ സ്‌കൂളിന്‍റെ പ്രതിച്ഛായ തകരുമെന്നും പറഞ്ഞതായി സുനിത ആരോപിക്കുന്നു. ഇത് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും സുനിത പറഞ്ഞു.
സ്‌കൂൾ മാനേജ്മെന്‍റിന്‍റെ വിശദീകരണം: സുനിത ആര്യ തന്‍റെ മകളെ രണ്ടാം ക്ലാസിൽ ചേർക്കാനായണ് വന്നത്. എന്നാൽ ഇവരുടെ കൈവശം അഡ്‌മിഷന് ആവശ്യമായ രേഖകളും, ഒന്നാം ക്ലാസ് മാർക്ക് ഷീറ്റും ഇല്ലായിരുന്നുവെന്ന് സ്‌കൂൾ മാനേജ്മെന്‍റ് ആരോപിച്ചു.