ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ് ഗഡിലും ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് എത്തിക്കഴിഞ്ഞു. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെല്ലാം തെറ്റിച്ച് വ്യക്തമനായ മുന്നേറ്റമാണ് ബിജെപിയും ശിവരാജ് സിങ്ങ് ചൗഹാനും കാഴ്ചവെച്ചത്. വോട്ടെണ്ണല്‍ അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ 162 മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റം പ്രകടമാണ്.
ബിജെപി ഓഫീസുകളില്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് എഴുപതില്‍ താഴെ സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. രണ്ടു സീറ്റില്‍ ബിഎസ്‌പിയും ഒരിടത്ത് ഗോണ്ട്വാനാ ഗണതന്ത്ര പാര്‍ട്ടിയും മുന്നേറുന്നു. Assembly Election Results 2023 in Malayalam
രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണം കടപുഴക്കിയാണ് ബിജെപി വന്‍ മുന്നേറ്റം നടത്തുന്നത്. 117 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നതായാണ് ഫലസൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് 66 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ പതിനഞ്ച് സീറ്റുകളില്‍ മുന്നേറുന്നുണ്ട്.
ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും എന്ന് ഉറപ്പായിക്കഴിഞ്ഞു. അമ്പത്തി നാല് സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ലീഡ് 35 സീറ്റുകളിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഛത്തിസ് ഗഡില്‍ കടുത്ത മല്‍സരം നേരിടുകയാണ്.
തെലങ്കാനയില്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തുകയാണ്. കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് 64 സീറ്റുകളിലും ഭരണ കക്ഷിയായ ബിആര്‍എസ് 39 സീറ്റിലും ബിജെപി 10 സീറ്റിലും ലീഡ് ചെയ്യുന്നു. ഒവൈസിയുടെ എഐഎംഐഎം കഴിഞ്ഞ തവണത്തെ ഏഴില്‍ നിന്ന് അഞ്ചിലേക്ക് ഒതുങ്ങി. ബിജെപി കഴിഞ്ഞ തവണത്തെ മൂന്നില്‍ നിന്ന് സീറ്റുകള്‍ 10 ലേക്ക് ഉയര്‍ത്തി.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് വലിയ ആത്മ വിശ്വാസം പകരുന്നതാണ്. ലോക് സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യ മുന്നണിക്ക് വലിയ ക്ഷീണമാണ് രാജസ്ഥാനിലേയും ഛത്തീസ് ഗഡിലേയും തിരിച്ചടി. തെലങ്കാനയില്‍ ഭരണം പിടിക്കാനായെന്നതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം.