ന്യൂഡൽഹി: അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്സിൻ ഉത്പാദനം ത്വരിതപ്പെടുത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). വാക്സിനേഷൻ ഡ്രൈവിനായി 100 മില്യൺ ഡോസുകൾ ഡിസംബറോടെ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. അവസാന ഘട്ട ട്രയൽ പോസിറ്റീവ് ആണെങ്കില്‍ കുറഞ്ഞത് ഒരു ബില്യൺ വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഡിസംബറോടെ ന്യൂഡൽഹിയിൽ നിന്ന് അടിയന്തര അംഗീകാരം ലഭിക്കുമെന്ന് എസ്‌ഐഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദർ പൂനവല്ല നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഞ്ച് ഡെവലപ്പർമാരുമായി സഖ്യം ചേർന്ന എസ്ഐഐ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇതുവരെ 40 ദശലക്ഷം ഡോസ് ആസ്ട്രാസെനെക്ക വാക്സിൻ നിർമിച്ചിട്ടുണ്ട്. 2021 ഓടെ ഉൽപ്പാദന ശേഷി ഒരു ബില്യൺ ഡോസായി ഉയർത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് പൂനവല്ല വ്യക്തമാക്കി.
ഗാവിയും ഗേറ്റ്സ് ഫൗണ്ടേഷനും മിതമായ നിരക്കിൽ വാക്സിൻ വിതരണം ഉറപ്പാക്കും. അതേസമയം, കമ്പനി അടുത്ത വർഷം പൂനെ ആസ്ഥാനത്ത് പൂർത്തിയാക്കുന്ന പുതിയ ഉൽപാദന കേന്ദ്രത്തിന്റെ പണി ആരംഭിച്ചു. വാക്‌സിനുകളിൽ പകുതിയും ഇന്ത്യയ്ക്കുള്ളിൽ സൂക്ഷിക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പൂനവല്ല പറഞ്ഞു. ഏകദേശം 20 ദശലക്ഷം ഡോസുകൾ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത നാല് മാസത്തിനുള്ളിൽ അതിന്റെ പത്തിരട്ടി തയാറാകുമെന്ന് അദ്ദേഹം പറയുന്നു.