മൻസ(പഞ്ചാബ്) : മുപ്പത് റൗണ്ട് വെടിയൊച്ച, പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊല്ലപ്പെടുന്നതിന് മിനിറ്റുകൾക്ക് മുന്‍പുള്ള സിസിടിവി ദൃശ്യം പുറത്ത്. ദൃശ്യത്തില്‍ രണ്ട് കാറുകൾ അദ്ദേഹത്തിന്‍റെ വാഹനത്തെ പിന്തുടരുന്നതും പിന്നാലെ വെടിയൊച്ചയുടെ ശബ്‌ദവും വ്യക്തമാണ്.
എന്നാൽ വീഡിയോ ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് നിഗമനം. സംഭവ സമയം സിദ്ദു തന്നെയാണ് കാർ ഓടിച്ചിരുന്നത്. അദ്ദേഹത്തിന് നാല് കമാൻഡോകളുടെ സുരക്ഷ ഉണ്ടായിരുന്നെങ്കിലും പഞ്ചാബിലെ ഘലുഘരാ ദിനത്തെ തുടർന്ന് രണ്ട് കമാൻഡോകളെ പഞ്ചാബ് സര്‍ക്കാര്‍ പിൻവലിച്ചിരുന്നു.
സുരക്ഷാച്ചുമതല ഉണ്ടായിരുന്ന മറ്റ് രണ്ട് കമാൻഡോകളെയും ഒഴിവാക്കിയാണ് സിദ്ദു യാത്ര ചെയ്‌തിരുന്നത്. സിദ്ദു മൂസേവാലക്ക് സ്വകാര്യ ബുള്ളറ്റ് പ്രൂഫ് വാഹനമുണ്ടായിരുന്നെങ്കിലും അത് എടുത്തിരുന്നില്ലെന്നും മൻസ എസ്എസ്‌പി ഗൗരവ് തുറ പറഞ്ഞു.
ഞായറാഴ്‌ച(29.05.2022) വൈകുന്നേരമാണ് മൻസയിലെ ജവഹർകെ ഗ്രാമത്തിൽ പ്രശസ്‌ത പഞ്ചാബി ഗായകൻ ശുഭ്‌ദീപ് സിംഗ് സിദ്ദു അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. സിദ്ദു രണ്ട് സുഹൃത്തുക്കളുമായി കാറിൽ പോകുമ്പോൾ രണ്ട് കാറുകളിലെത്തിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡിജിപി വിരേഷ് ഭാവ്ര പറഞ്ഞു. സിദ്ദു മൂസേവാല ഉൾപ്പടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് സംഭവം.