ചണ്ഡിഗഡ് : പ്രശസ്‌ത പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഗുണ്ടാസംഘം. നീരജ് ബവാന സംഘത്തില്‍പ്പെട്ട ഭൂപ്പി റാണയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലാണ് സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പരാമര്‍ശിക്കുന്നത്. കൊലയാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും വിവരം നല്‍കുന്നയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും പോസ്റ്റില്‍ പറയുന്നു.
പഞ്ചാബ് വിദ്യാര്‍ഥി ഗുര്‍ലാല്‍ ബ്രാര്‍, അകാലിദള്‍ നേതാവ് വിക്കി മിഡുഖേര എന്നിവരെ കൊലപ്പെടുത്താന്‍ ദേവീന്ദര്‍ ബാംബിഹ സംഘത്തെ മൂസേവാല സഹായിച്ചിരുന്നുവെന്ന് ലോറന്‍സ് ബിഷ്‌ണോയി, ഇയാളുടെ സഹായി ഗോള്‍ഡി ബ്രാർ എന്നിവര്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും സിദ്ദു മൂസേവാലക്ക് സംഘവുമായി ഒരു ബന്ധവുമില്ലെന്നും പോസ്റ്റില്‍ പറയുന്നു. മൂസേവാലയെ കൊന്നവരെ വെറുതെ വിടില്ല.
പ്രതികാരം ചെയ്യും : മൂസേവാലയുടെ കുടുംബം, സുഹൃത്തുക്കള്‍, അനുയായികള്‍ എന്നിവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സിദ്ദു മൂസേവാലയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകില്ല, എന്നാല്‍ പ്രതികാരം ചെയ്യാനാകുമെന്നും പോസ്റ്റില്‍ പറയുന്നു. നേരത്തെ കുപ്രസിദ്ധ ഗുണ്ടാസംഘത്തലവന്‍ ദേവീന്ദര്‍ ബാംബിഹയുടെ സംഘവും സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പ്രതികാരം വീട്ടുമെന്ന് സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also read: സിദ്ദു മൂസേവാലയുടെ കൊലപാതകം : ഒരാള്‍ അറസ്റ്റില്‍
പഞ്ചാബ് മാന്‍സയിലെ ജവഹർകേയിലെയില്‍ വച്ച് മെയ് 29നാണ് സിദ്ദു മൂസേവാല കൊല്ലപ്പെടുന്നത്. ആം ആദ്‌മി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കൊലയ്ക്ക് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘമെന്നാണ് പൊലീസ് പറയുന്നത്. സിദ്ദുവിന്‍റെ കൊലപാതകം അന്വേഷിക്കാന്‍ പഞ്ചാബി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ അംഗമായ ലക്കി കാനഡയില്‍ നിന്ന് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.