ലക്ക്‌നൗ: യുപിയിലെ ജയിലില്‍ കഴിയുന്ന കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ്. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പനെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. കാപ്പന്‍ കെഎം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് അധികൃതര്‍ പറഞ്ഞു. കാപ്പനൊപ്പം സെല്ലിലുണ്ടായിരുന്നവര്‍ കൊവിഡ് നെഗറ്റീവാണ്.
ഹത്രാസ് സംഭവത്തില്‍ ഇരയായ ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് വാര്‍ത്ത ശേഖരിക്കാന്‍ പോയപ്പോഴാണ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്‌ടോബര്‍ അഞ്ചിനാ്യിരുന്നു സംഭവം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി മഥുര ജയിലിലാണ് കാപ്പന്‍. ഇദ്ദേഹത്തിനൊപ്പം മസൂദ് അഹമ്മദ്, അതിക്കുര്‍ റഹ്‌മാന്‍, മുഹമ്മദ് ആലം എന്നിവരെയും അറസ്റ്റ് ചെയ്‌തിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.