ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിനോട് പ്രതികരണം തേടി സുപ്രീംകോടതി. സെപ്‌റ്റംബർ അഞ്ചിനകം നോട്ടിസിന് മറുപടി നൽകാനാണ് കോടതി നിർദേശം. അന്തിമ തീർപ്പിനായി സെപ്‌റ്റംബർ 9ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യഹർജി വീണ്ടും പരിഗണിക്കും.
കാപ്പന്‍റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഈ മാസം ആദ്യം തള്ളിയിരുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് ഹത്രാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്‍റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്.
ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ 2020 ഒക്‌ടോബറിലാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നത്. യാത്രാമധ്യേ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ ) ബന്ധമുണ്ടെന്ന് ആരോപിച്ച് സിദ്ദിഖ് കാപ്പൻ, അതിക്കൂർ റഹ്‌മാൻ, ആലം, മസൂദ് അഹമ്മദ് എന്നിവരെ ഒക്‌ടോബർ 5ന് യുപി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹത്രാസിൽ അശാന്തി സൃഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്‌തതെങ്കിലും പിന്നീട് ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ, ഐടി ആക്‌ട് എന്നിവ ഇവർക്കെതിരെ ചുമത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങൾക്ക് പിഎഫ്‌ഐ ധനസഹായം നൽകിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഹത്രാസിൽ സമാധാനം തകർക്കുകയായിരുന്നു കാപ്പന്‍റെ ലക്ഷ്യമെന്നും യുപി പൊലീസ് നേരത്തെ അവകാശപ്പെട്ടു.
എന്നാൽ കുറ്റകൃത്യത്തിൽ കാപ്പന് പങ്കില്ലെന്നും സഹയാത്രികര്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണെന്ന് വച്ച് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമല്ലെന്നും സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. എന്നാൽ കുറ്റകൃത്യത്തിൽ കാപ്പന് പങ്കുണ്ടെന്ന് വാദിച്ച യുപി സർക്കാർ കാപ്പന്‍റെ ജാമ്യഹർജിയെ ശക്തമായി എതിർത്തു.