കെസിആറിന്‍റെ കാല് തൊട്ട് വണങ്ങി കലക്ടർ; വിവാദമാക്കി പ്രതിപക്ഷം - തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ കാലിൽ തൊട്ട് വണങ്ങി
സർക്കാർ ഓഫീസുകളുടെ ഉദ്ഘാടനത്തിനായി സിദ്ദിപേട്ടിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി.
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ കാലിൽ തൊട്ട് വണങ്ങിയതിൽ വിവാദത്തിലായി സിദ്ദിപേട്ട് കലക്ടർ വെങ്കട്ട്റാം റെഡ്ഡി. ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കലക്ടർ മുഖ്യമന്ത്രിയുടെ കാല് പിടിച്ചത്. ഇതാണ് വിവാദത്തിലേക്ക് വഴിതുറന്നത്.
മാധ്യമങ്ങളിൽ വൈറൽ
സർക്കാർ ഓഫീസുകളുടെ ഉദ്ഘാടനത്തിനായി സിദ്ദിപേട്ടിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിന്‍റെ ഭാഗമായി കെസിആർ കലക്ടറുടെ ഓഫിസും ഉദ്ഘാടനം ചെയ്തു. തുടർന്നാണ് കലക്ടർ കെസിആറിന്‍റെ കാല് പിടിച്ചത്. കലക്ടർ കാല് പിടിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായി.
ചീഫ് സെക്രട്ടറി സോമേഷ് കുമാർ ഉൾപ്പടെയുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രി കലക്ടറെ തടഞ്ഞെങ്കിലും വെങ്കട്ട് റാം റെഡ്ഡി കാല് പിടിക്കുകയായിരുന്നു.
കലക്ടറുടെ വിശദീകരണം
സംഭവം വിവാദമായതോടെ കലക്ടർ വിശദീകരണ കുറിപ്പ് പുറത്തിറക്കി. തന്‍റെ അച്ഛന്‍റെ സ്ഥാനത്ത് അദ്ദേഹത്തെ കണ്ടത് കൊണ്ടാണ് കാല് പിടിച്ചതെന്ന് കലക്ടർ വെങ്കട്ട് റാം റെഡി പ്രസ്താവനയിൽ പറഞ്ഞു. ശുഭ കാര്യങ്ങൾ നടക്കുമ്പോൾ പിതൃതുല്യരായ ആളുകളുടെ കാല് പിടിക്കുന്നത് തെലങ്കാനയുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: വിരുധുനഗറിൽ അനധികൃത പടക്കനിർമാണത്തിനിടെ പൊട്ടിത്തെറി; രണ്ട് മരണം
എന്നാൽ കല്കറുടെ പ്രസ്താവനക്കെതിരെ സംസ്ഥാന ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കലക്ടറുടെ പ്രവൃത്തി സിദ്ദിപേട്ടിലെ ജനങ്ങൾ മാനക്കേടുണ്ടാക്കി. ഒരു ഉന്നത അധികാരത്തിൽ ഇരിക്കുന്ന ഒരാൾ തന്‍റെ സ്ഥാനമാനങ്ങൾ മറന്ന് ചെയ്തുകൂടാതെ പ്രവൃത്തിയാണിതെന്നും ബിജെപി സംസ്ഥാന വക്താവ് പ്രതികരിച്ചു.