ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ആദ്യഘട്ടത്തില്‍ മുതിര്‍ന്ന എട്ട് എംഎല്‍എമാരാണ് മന്ത്രിമാരായി ചുമതലയേറ്റത്. ബെംഗളൂരു ശ്രീ കണ്‌ഠീരവ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് കർണാടകയില്‍ കോൺഗ്രസ് സർക്കാർ അധികാരമേറ്റത്.
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ കെപിസിസി വർക്കിങ് പ്രസിഡന്‍റ് രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, മുൻ ഉപമുഖ്യമന്ത്രി ഡോ ജി പരമേശ്വർ, മുൻ കേന്ദ്രമന്ത്രി കെഎച്ച് മുനിയപ്പ, കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി പ്രസഡന്‍റ് എം ബി പാട്ടീൽ, മുൻ മന്ത്രി കെ ജെ ജോർജ്, ജമീർ അഹമ്മദ്, എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ എന്നിവരാണ് ചുമതലയേറ്റ മന്ത്രിമാര്‍. ജാതി, മേഖല, സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ എട്ടുപേര്‍ ആദ്യഘട്ടത്തില്‍ ചുമതലയേറ്റത്.
മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യയുടെ രണ്ടാം ഊഴമാണിത്. കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായാണ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്. നിരവധി ദേശീയ നേതാക്കളാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മക്കള്‍ നീതി മയ്യം നേതാവും സിനിമ താരവുമായ കമല്‍ ഹാസന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാരുടെ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഇന്നലെ രാത്രി ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് മന്ത്രിമാരെ സംബന്ധിച്ചുള്ള പ്രാഥമിക തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ 28 അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, മന്ത്രി സ്ഥാനം ലഭിക്കാത്തവരിൽ നിന്ന് വിയോജിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ചർച്ച ഉയർന്നതോടെ സമ്പൂർണ മന്ത്രിസഭ ഇപ്പോൾ രൂപീകരിക്കേണ്ട എന്ന തീരുമാനത്തിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് എത്തുകയായിരുന്നു.
ഇന്ന് രാവിലെ, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ വിവരം സിദ്ധരാമയ്യ രാജ്ഭവനിലേക്ക് അയച്ചിരുന്നു. അടുത്ത ആഴ്‌ചയോ ഈ മാസം അവസാനത്തോടെയോ ശേഷിക്കുന്ന മന്ത്രിസ്ഥാനങ്ങളില്‍ ചുമതയേല്‍ക്കുന്ന എംഎല്‍എമാരുടെ പേരുകള്‍ സംബന്ധിച്ച് ഹൈക്കമാൻഡ് സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ ശക്തമായ മത്സരം തന്നെ നടന്നിരുന്നു. മുഖ്യമന്ത്രി പദം ഇല്ലെങ്കില്‍ നിയമസഭയിലേക്ക് ഇല്ല എന്ന തരത്തിലടക്കം ഡികെ ശിവകുമാര്‍ പ്രതികരിക്കുകയുണ്ടായി. ഒടുവില്‍ ഹൈക്കമാന്‍ഡിന് വിട്ട തീരുമാനത്തോട് ഡികെ ശിവകുമാറും യോചിക്കുകയായിരുന്നു. ജനക്ഷേമത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ സിദ്ധരാമയ്യയും ഡികെ ശിവകുമാറും പ്രതികരിച്ചിരുന്നു.