മുംബൈ: അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം 'ദി ഐ'യില്‍ കേന്ദ്ര കഥാപാത്രമാകാനൊരുങ്ങി ശ്രുതി ഹാസന്‍. ഡാഫ്നെ ഷ്മോൻ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലറില്‍ ശ്രുതി ഹാസന്‍റെ ജോഡിയായെത്തുന്നത് 'ദി ലാസ്‌റ്റ് കിങ്ഡം' സിനിമയിലെ താരം മാര്‍ക്ക് റൈളെയാണ്. പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ശ്രുതി ഹാസന്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്‌റ്റിലൂടെ പങ്കുവച്ചത്.
'ദി ഐ എന്ന ചിത്രത്തിന്‍റെ ഭാഗമാകുക എന്നതില്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. കഥ പറയുക എന്നതാണ് എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള ജോലി. അതിന്‍റെ ഭാഗമാകുക എന്നത് പവിത്രമാണ്. എന്നെ ഈ ടീമിന്‍റെ ഭാഗമാക്കിയതിന് ഡാഫ്നെ ഷ്മോനോടും എമിലി കാള്‍ടണോടും ഞാന്‍ നന്ദി പറയുന്നു', ശ്രുതി ഹാസന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ അമേരിക്കന്‍ സീരീസായ 'ട്രെഡി സ്‌റ്റോമിലും' ശ്രുതി തന്‍റെ അഭിനയ മികവ് പ്രകടിപ്പിച്ചിരുന്നു. ദി ഐ എന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് എമിലി കാള്‍ട്ടനാണ്. വിധവയായ യുവതി തന്‍റെ ഭർത്താവ് മരിച്ച ദ്വീപിലേക്ക് അവന്‍റെ ചിതാഭസ്‌മവുമായി പോകുന്നതും തുടര്‍ന്നുനടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
അന്ന സവ്വ, ലിന്‍ഡ മാര്‍ലോവി, ക്രിസ്‌റ്റോസ് സ്‌റ്റെര്‍ഗിയോഗ്ലൂ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒക്‌ടോബര്‍ അവസാനം ഏതന്‍സ് ആന്‍റ് കോര്‍ഫുവില്‍ വച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തെന്നിന്ത്യന്‍ താരം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാര്‍' എന്ന ചിത്രമാണ് ശ്രുതിയുടെ വരാനിരിക്കുന്ന പ്രോജക്‌ട്.