ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപിയാനിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്ബയുടെ (LeT) രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബ്രാരിപോറ സ്വദേശി സജാദ് അഹമ്മദ് ഛക്, പുൽവാമയിൽ അഛാൻ ലിറ്റർ സ്വദേശി രാജ ബാസിത് യാക്കൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഷോപിയാനിലെ ചൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേനയും പൊലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. ഭീകരരുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷം അവർക്ക് കീഴടങ്ങാൻ അവസരങ്ങൾ നൽകിയെങ്കിലും വിസമ്മതിക്കുകയായിരുന്നു. തുടർന്ന് തിരച്ചിൽ സംഘത്തിന് നേരെ വെടിയുതിർക്കാൻ തുടങ്ങിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ALSO READ: നാസികിൽ റെയ്‌ഡ്: പിടിച്ചെടുത്തത് 30 വാളുകൾ, രണ്ട് പേർ അറസ്റ്റിൽ
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. രണ്ട് എകെ സീരീസ് റൈഫിളുകൾ, നാല് എകെ മാഗസിനുകൾ, 32 റൗണ്ടുകൾ എന്നിവയുൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. പൊലീസ് രേഖകൾ പ്രകാരം ഇരുവരും നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള തീവ്രവാദികളാണെന്ന് കണ്ടെത്തി.
കൂടാതെ നിരവധി ഭീകരപ്രവർത്തന കേസുകളിൽ ഉൾപ്പെട്ട ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു. ഇവരിൽ സജാദ് അഹമ്മദ് ഛക് യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പുൽവാമയിൽ മറ്റൊരു വെടിവയ്പ്പ് കൂടി ഉണ്ടായതായും പൊലീസ് അറിയിച്ചു.