അഗർത്തല (ത്രിപുര): ശമ്പളക്കുടിശിക ചോദിച്ചതിന് ജീവനക്കാരനെ ക്രൂരമായി മർദിച്ച് കടയുടമ. അഗർത്തല സിറ്റിയിലെ മഫ്‌തി എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ സുരജിത് ത്രിപുര എന്ന തൊഴിലാളിയേയാണ് കടയുടമ അപു സാഹ ഇരുമ്പ് കമ്പി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. മർദനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കടയുടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ഇതിനിടെ സുരജിത് കടയുടമയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്‌ച പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം. മൂന്ന് മാസത്തോളമായി അപു സാഹയുടെ കടയിൽ ജോലി ചെയ്‌തു വരികയാണ് സുരജിത്. ഇതിനിടെ രണ്ട് ദിവസം ജോലിയിൽ നിന്ന് അവധിയെടുത്ത സുരജിത് ശമ്പളക്കുടിശിക ആവശ്യപ്പെട്ടു. തുടർന്ന് സുരജിതിനെ കടയിലേക്ക് വിളിച്ചുവരുത്തി അപു സാഹയും കടയിലെ മറ്റൊരു സഹായിയായ സാഗർ ദാസും ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിന് പിന്നാലെ തനിക്ക് ശക്തമായ രാഷ്‌ട്രീയ ബന്ധങ്ങളുണ്ടെന്നും കുടുംബാംഗങ്ങൾ പൊലീസിലുണ്ടെന്നും അതിനാൽ പരാതി നൽകിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അപു സാഹ സുരജിതിനെ ഭീഷണിപ്പെടുത്തി. കൂടാതെ സംഭവം പുറത്ത് പറഞ്ഞാൽ മറ്റൊരിടത്തും ജോലി ലഭിക്കില്ലെന്നും കുടുംബം പട്ടിണിയിലാകുമെന്നും ഇയാൾ ഭീഷണി മുഴക്കി.
എന്നാൽ ഇയാളുടെ പിടിയിൽ നിന്ന് മോചിതനായ സുരജിത് തിങ്കളാഴ്‌ച രാത്രി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം മർദനത്തിന്‍റെ വീഡിയോ വൈറലായതോടെ ഭരണകക്ഷിയായ ബിജെപിയുടെ ആദിവാസി വിഭാഗമായ ഭാരതീയ ജനത ജനജാതി മോർച്ച സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഭാരതീയ ജനത ജനജാതി മോർച്ച ജനറൽ സെക്രട്ടറി ദേവിദ് ദേബ്ബർമ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.