ഭോപ്പാൽ: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കോൺഗ്രസ് പാകിസ്ഥാന്‍റെ ഭാഷയാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമ്മു കാശ്‌മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കിയ ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുമെന്ന ദിഗ്‌വിജയ് സിങിന്‍റെ പരാമർശത്തെ ചോദ്യം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹമാധ്യമമായ ക്ലബ് ഹൗസിൽ നടന്ന ചർച്ചയ്‌ക്കിടെ ഒരു പാകിസ്ഥാനി മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് ദിഗ്‌വിജയ് സിങ് നൽകിയ മറുപടിക്കെതിരെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കശ്മീരിൽ ജനാധിപത്യം ഉണ്ടായിരുന്നില്ല. എല്ലാവരേയും തടവിലാക്കിയാണ് കേന്ദ്ര സർക്കാർ അത്തരം നടപടി നടപ്പിലാക്കിയത്. ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്ന കാശ്‌മീർ ഭരിച്ചത് ഹിന്ദു രാജാവായിരുന്നു. ഇത് ഏറെ ദുഃഖകരമാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.
ALSO READ: ശിവമോഗ വിമാനത്താവളത്തിന്‍റെ നിര്‍മാണം 2022 ജൂണില്‍ പൂര്‍ത്തീകരിക്കും
ബി.ജെ.പി നേതാവ് സാംബിത് പത്രയും ദിഗ്‌വിജയ് സിങിനെതിരെ ആഞ്ഞടിച്ചു, ഇത് കോൺഗ്രസിന്‍റെ നിലപാടാണോയെന്ന് അദ്ദേഹം ചോദിച്ചു. സിങിന്‍റെ ക്ലബ്‌ഹൗസ് പ്രസ്താവനയെക്കുറിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എന്താണ് ചിന്തിക്കുന്നത്? ഇത് കോൺഗ്രസിന്‍റെ നിലപാടാണോ? ഒരു വാര്‍ത്ത സമ്മേളനം നടത്തി കാര്യങ്ങൾ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നെന്നും സാംബിത് പത്ര പറഞ്ഞു.