മുംബൈ : ബംഗ്ലാദേശ് വിമോചന യുദ്ധ വിജയത്തിന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേര് പരാമര്‍ശിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ഇന്ദിര ഗാന്ധിയുടെ പേര് ഉച്ചരിക്കാൻ പ്രധാനമന്ത്രിക്ക് ഭയമാണോ അതോ നാണക്കേടാണോ എന്ന് ശിവസേന ചോദിച്ചു.
വിജയാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ധാക്ക സന്ദർശിച്ചെങ്കിലും ഇന്ദിര ഗാന്ധിയുടെ പേര് പോലും അവിടെ പരാമർശിച്ചില്ലെന്നും സേന ചൂണ്ടിക്കാട്ടി. പാർട്ടി പത്രങ്ങളായ 'സാമ്‌ന', 'ദോപഹർ കാ സാമ്‌ന' എന്നിവയിലെ മുഖപ്രസംഗത്തിലായിരുന്നു ശിവസേനയുടെ വിമർശനം.
'ഇന്ദിരയെ അവഗണിക്കുന്നതിലൂടെ നിങ്ങൾക്ക് ഇന്ത്യയുടെയോ ലോകത്തിന്‍റേയോ ചരിത്രം എഴുതാൻ കഴിയില്ല. നമ്മുടെ രാജ്യത്തെ സങ്കുചിത ചിന്താഗതിക്കാരായ ഭരണാധികാരികളോട് ആരാണ് ഇക്കാര്യം വിശദീകരിക്കുക. ഇത് സ്‌ത്രീ ശക്തിക്ക് തന്നെ അപമാനമാണ്,' ശിവസേന മുഖപ്രസംഗത്തില്‍ പറഞ്ഞു.
1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിട്ട് 50 വർഷം പിന്നിടുന്നു. ധീര സൈനികരുടെ ത്യാഗങ്ങൾ സ്‌മരിച്ചെങ്കിലും ഇന്ദിര ഗാന്ധിയെക്കുറിച്ച് ഒരു പരാമർശം പോലും നടത്താനുള്ള മര്യാദ മോദി കാണിച്ചില്ലെന്നും ശിവസേന വിമര്‍ശിച്ചു.
Also read: വിജയ് മല്യയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ഇന്ദിര ഗാന്ധി അന്ന് ആ ധൈര്യം കാണിച്ചില്ലായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ ഒരിക്കലും പാഠം പഠിക്കില്ലായിരുന്നു. പാകിസ്ഥാനെ രണ്ടായി വിഭജിച്ച് 1947ലെ വിഭജനത്തിന് ഇന്ദിര ഗാന്ധി പ്രതികാരം ചെയ്യുകയായിരുന്നുവെന്നുവെന്നും ശിവസേന മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.
അന്നത്തെ ജനസംഘിന്‍റെ നേതാവും പിന്നീട് പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പേയി ഇന്ദിര ഗാന്ധിയെ ദുർഗയെന്നാണ് വിശേഷിപ്പിച്ചത്. ഈ സംഭവത്തിന് ശേഷം ഇന്ദിര ഗാന്ധി ശക്തയായ ലോക നേതാവായി ഉയര്‍ന്നുവെന്നും ശിവസേന പ്രശംസിച്ചു.
സർജിക്കൽ സ്‌ട്രൈക്കിന് പകരം പാകിസ്ഥാനെ പാഠം പഠിപ്പിക്കാൻ നേരിട്ടുള്ള സൈനിക ആക്രമണത്തിനാണ് ഇന്ദിര ഗാന്ധി ഉത്തരവിട്ടത്. കരസേനയ്ക്ക് പുറമേ വ്യോമസേനയെയും നാവികസേനയെയും വരെ ഉപയോഗിച്ചു. കാർഗിൽ യുദ്ധത്തില്‍ 1,500 സൈനികരുടെ ജീവനുകളാണ് നഷ്‌ടപ്പെട്ടത്, എന്നാല്‍ അത് 'വിജയ ദിവസ'മായി ആഘോഷിക്കുന്നുവെന്നും ശിവസേന ചൂണ്ടിക്കാട്ടി.
1971 ഡിസംബർ 16ന് 90,000 പാക് സൈനികർ ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങി, ആ വിജയത്തിന് പിന്നിലെ ശക്തി ഇന്ദിര ഗാന്ധി മാത്രമായിരുന്നു, അതിനുശേഷം പാകിസ്ഥാനെ ദയനീയമായി പരാജയപ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല, അതിനാൽ ഇന്ദിര ഗാന്ധിയെ വിസ്‌മരിക്കുന്നത് ഇന്ത്യയെ മറക്കുന്നതിന് തുല്യമാണ്.
കോൺഗ്രസുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, എന്നാല്‍ രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ നിർണായക പങ്ക് വഹിച്ച നേതാക്കളോട് വെറുപ്പ് പ്രകടിപ്പിക്കുക 'യഥാർഥ ഹിന്ദുസ്ഥാനി'യുടെ ലക്ഷണമല്ലെന്നും ശിവസേന മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.