മുംബൈ (മഹാരാഷ്ട്ര) : മഹാരാഷ്ട്രയില്‍ ശിവസേനയുടെ വിമത എംഎല്‍എമാരെ വെല്ലുവിളിച്ച് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ഒറ്റത്തന്തയ്ക്ക് പിറന്നവരെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു സഞ്ജയ് റാവത്തിന്‍റെ പരാമര്‍ശം. ദഹിസറിൽ നടന്ന ശിവസേന റാലിയിലായിരുന്നു വെല്ലുവിളി.
കൈയില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ബാലാസാഹേബിന്‍റെ ശിവസൈനിക്, പ്രതിരോധിക്കേണ്ട സാഹചര്യത്തില്‍ കൊടി മടക്കിവച്ച് രംഗത്തിറങ്ങും. ശിവസേനയ്ക്ക് വിപ്ലവം പുതിയ കാര്യമല്ല. നിരവധി വിപ്ലവങ്ങളിലൂടെയാണ് ശിവസേന വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമത എംഎൽഎമാരായ ഗുലാബ്രോ പാട്ടീലിനും സന്ദീപൻ ഭൂമാരേക്കുമെതിരെ സഞ്ജയ് റാവത്ത് ആഞ്ഞടിച്ചു. പാൻ കച്ചവടം ചെയ്‌തിരുന്ന ഗുലാബ്രോ പാട്ടീലിനെയും പഞ്ചസാര ഫാക്‌ടറിയിലെ സുരക്ഷ ജീവനക്കാരനായിരുന്ന സന്ദീപൻ ഭൂമാരേയെയും എംഎല്‍എ ആക്കിയത് ശിനസേനയാണ്. ഇപ്പോള്‍ അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്നും റാവത്ത് കുറ്റപ്പെടുത്തി. അതേസമയം വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി. സഞ്ജയ് റാവത്തിന്‍റെയും ആദിത്യ താക്കറെയുടെയും വെല്ലുവിളിയെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്.