മുംബൈ : മഹാരാഷ്‌ട്ര ശിവസേനയിൽ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ വിമതര്‍ക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ.വഞ്ചകരെ ഇനി പാര്‍ട്ടിക്ക് വേണ്ടെന്ന് മഹാരാഷ്‌ട്ര ടൂറിസം മന്ത്രി കൂടിയായ ആദിത്യ താക്കറെ പറഞ്ഞു. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്കും തിരികെ വരാൻ താത്പര്യപ്പെടുന്നവര്‍ക്കുമായി ശിവസേനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. അവരെ തടയില്ല.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരും ഞങ്ങളും തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ പാർട്ടി വിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഏക്‌നാഥ് ഷിൻഡെയെ ആദിത്യ താക്കറെ വെല്ലുവിളിച്ചു. സത്യവും നുണയും തമ്മിലുള്ള പോരാട്ടമാണിത്. വിമത എംഎൽഎമാർ ചെയ്‌ത വഞ്ചന ഒരിക്കലും മറക്കില്ല. ഈ പോരാട്ടത്തിൽ ശിവസേന തന്നെ വിജയിക്കുമെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.
അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ദും ഇന്ന് വിമതരോടൊപ്പം ചേർന്നു. ശിവസേന നേതാവും ഉദ്ധവ് താക്കറെ മന്ത്രിസഭാംഗവുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് വിമത എംഎല്‍എമാര്‍ ക്യാമ്പ് ചെയ്യുന്നത്. നിലവില്‍, നാല്‍പതിലേറെ പേരാണ് ഷിന്‍ഡെയ്‌ക്കൊപ്പം ഗുവാഹത്തിയിലുള്ള റാഡിസണ്‍ ബ്ലൂ റിസോര്‍ട്ടിലുള്ളത്.
ഭീഷണി മുൻനിർത്തി വിമത എംഎൽഎമാരുടെ സുരക്ഷ കേന്ദ്ര സർക്കാർ കൂട്ടിയിട്ടുണ്ട്. 15 എംഎൽഎമാർക്ക് കേന്ദ്രസര്‍ക്കാര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.