ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിലെ ഷിരുയി മലയില്‍ തീ അണക്കാനായി ബാംബി ബക്കറ്റ് ഘടിപ്പിച്ച രണ്ട് ഹെലികോപ്റ്ററുകൾ വിന്യസിക്കാന്‍ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. മണിപ്പൂർ സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് ഇന്ത്യൻ വ്യോമസേന രണ്ട് മി -17 വി 5 ഹെലികോപ്റ്ററുകള്‍ തീ അണക്കാനായി സജ്ജീകരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഷില്ലോങ് പിആര്‍ഒ ട്വീറ്റ് ചെയ്തു.
തീ അണക്കാന്‍ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കേന്ദ്രസർക്കാരിനോട് സഹായം അഭ്യര്‍ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഹെലിക്കോപ്റ്ററുകള്‍ നല്‍കാന്‍ സേന തയ്യാറായത്. ഷിരുയി കൊടുമുടിയിൽ തീ പടരുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും തീ അണക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി ഔദ്യോഗികമായി കത്ത് അയച്ചിട്ടുണ്ടെന്നും സിംഗ് ട്വീറ്റ് ചെയ്തു.