ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പേര് 'ഇന്ത്യ' (India) എന്നതില്‍ നിന്ന് 'ഭാരത്' (Bharat) എന്നാക്കി പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ (Central Covernment) നീക്കമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് (Congress Leader) ശശി തരൂരും (Shashi Tharoor). പാകിസ്ഥാന്‍റെ സ്ഥാപകന്‍ (Pakistan Founder) മൊഹമ്മദ് അലി ജിന്നയാണ് (Mohammad Ali Jinnah) ഇന്ത്യ എന്ന പേരിനെ എതിര്‍ത്തിരുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം ബിജെപിക്കെതിരെ വിമര്‍ശനം കടുപ്പിച്ചത്. തിട്ടപ്പെടുത്താനാവാത്ത ബ്രാന്‍ഡ് മൂല്യമുള്ളതിനാല്‍ തന്നെ ഇന്ത്യ എന്ന വാക്ക് ഇല്ലായ്‌മ ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
വിമര്‍ശനം ഇങ്ങനെ: രാജ്യത്തിന്‍റെ രണ്ട് ഔദ്യോഗിക നാമങ്ങളില്‍ ഒന്നാണ് 'ഭാരത്'. രാജ്യത്തെ ഭാരത് എന്ന് അഭിസംബോധന ചെയ്യുന്നതില്‍ ഭരണഘടനാപരമായി യാതൊരു തടസവുമില്ല. എന്നാല്‍ തിട്ടപ്പെടുത്താനാവാത്തത്ര ബ്രാന്‍ഡ് മൂല്യമുള്ള 'ഇന്ത്യ' എന്ന വാക്കിനെ പൂര്‍ണമായും ഒഴിവാക്കാന്‍ മാത്രം സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
വിഭജന സമയത്ത് മൊഹമ്മദ് അലി ജിന്നയാണ് ഇന്ത്യ എന്ന പേരിനെ എതിര്‍ത്തത്. ഇന്ത്യ ബ്രിട്ടീഷ് രാജിന്‍റെ പിൻഗാമി രാഷ്‌ട്രമാണെന്നും പാകിസ്ഥാന്‍ അതില്‍ നിന്ന് വിട്ടൊഴിഞ്ഞ രാഷ്‌ട്രമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഇതെന്നും തരൂര്‍ തന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. പൗരത്വ ഭേദഗതി നിയമത്തെ (CAA) പോലെ ജിന്നയുടെ വീക്ഷണത്തെ ബിജെപി വീണ്ടും പിന്തുണയ്‌ക്കുകയാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശിച്ച് കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍: രാജ്യത്തിന്‍റെ പേര് മാറ്റാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ പ്രതിപക്ഷ നിരയിലെ കൂടുതല്‍ നേതാക്കള്‍ കഴിഞ്ഞദിവസങ്ങളിലായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ഐക്യം തങ്ങളുടെ സഖ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റിയാല്‍ ഭാവിയില്‍ ഇനിയും പേര് മാറ്റം നടത്തുമോ എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും (Delhi Chief Minister) ആം ആദ്‌മി പാര്‍ട്ടി (Aam Aadmi Party) നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ (Arvind Kejriwal) പരിഹാസം.
ഈ രാജ്യത്തെ എല്ലാവർക്കും ഇന്ത്യ, ഭാരതമാണെന്ന് അറിയാമെന്നും എന്നാൽ പുറംലോകം നമ്മെ അറിയുന്നത് ഇന്ത്യയിലൂടെ മാത്രമാണെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ സഖ്യത്തിലെ അംഗവുമായ മമത ബാനർജിയുടെ (Mamata Banerjee) പ്രതികരണം. ഇന്ത്യയെ ഭാരതാക്കി മാറ്റാനുള്ള ബിജെപി നീക്കത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിനും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ആകെ ലഭിച്ചത് പേര് മാറ്റം: പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ഇന്ത്യയാണെന്നറിഞ്ഞതോടെ തന്നെ ബിജെപി വിറച്ചുപോയി. ഫാസിസ്‌റ്റുകളായ ബിജെപിയെ താഴെയിറക്കാന്‍ ബിജെപി ഇതര ശക്തികള്‍ ഒന്നിക്കുകയും അവരുടെ സഖ്യത്തിന് #INDIA എന്ന ഉചിതമായ പേര് നല്‍കുകയും ചെയ്‌തതോടെ, നിലവില്‍ ഇന്ത്യയെ ഭാരതാക്കി മാറ്റാന്‍ ബിജെപി ആഗ്രഹിക്കുന്നു. ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുമെന്നായിരുന്നു ബിജെപി വാഗ്‌ദാനം ചെയ്‌തിരുന്നത്, എന്നാല്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു പേര് മാറ്റം മാത്രമാണെന്നും സ്‌റ്റാലിന്‍ എക്‌സിലൂടെ പരിഹസിച്ചിരുന്നു.