തിരുവനന്തപുരം: വരാനിരിക്കുന്ന എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും ഗുലാം നബി ആസാദിന്‍റെ രാജിയും ആധാരമാക്കി കോണ്‍ഗ്രസ് പുനരുജ്ജീവനത്തിന് പുതിയ നിർദേശങ്ങള്‍ മുന്നോട്ടുവച്ച് ജി-23 അംഗവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗവുമായ ശശി തരൂർ. പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമിയില്‍ 'കോണ്‍ഗ്രസിന് വേണം പുതിയ പ്രഭാവം' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് തരൂര്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നത്.
ഗുലാം നബി ആസാദിന്‍റെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. മുതിര്‍ന്ന സഹപ്രവര്‍ത്തകരുടെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിന് ഒരിക്കലും ഗുണകരമാകില്ല. ഇത്തരം യാത്ര പറച്ചിലുകളില്‍ വ്യക്തിപരമായി ഖേദമുണ്ടെന്നും സൃഹൃത്തുക്കളെല്ലാം പാര്‍ട്ടിയില്‍ തുടർന്ന് പാര്‍ട്ടിയെ നവീകരിക്കാനായി പൊരുതണമെന്ന് ആഗ്രഹിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല ജി-23യുടെ ലക്ഷ്യം: ജി-23 സംഘത്തിന്‍റെ അപേക്ഷയില്‍ ഒപ്പു വച്ച അംഗം എന്ന നിലയില്‍ കോണ്‍ഗ്രസ് പുനരുജ്ജീവിക്കണമെന്നാഗ്രഹിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമിടയില്‍ മാസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശങ്കകള്‍ ആ കത്തില്‍ പങ്കുവയ്‌ക്കപ്പെട്ടിരുന്നു. ആ കത്ത് മുഴുവന്‍ പാര്‍ട്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാത്രമായിരുന്നു. അതല്ലാതെ പാര്‍ട്ടിയുടെ ആദര്‍ശങ്ങളെയോ മൂല്യങ്ങളെയോ കുറിച്ചായിരുന്നില്ല.
പാര്‍ട്ടിയെ വിഭജിക്കാനോ ദുര്‍ബലപ്പെടുത്താനോ അല്ല മറിച്ച് അതിനെ ശക്തിപ്പെടുത്തുകയും നവജീവന്‍ നല്‍കുകയുമാണ് ജി-23 അംഗങ്ങളുടെ ഒരേയൊരു ലക്ഷ്യം. ബിജെപി രാജ്യത്ത് ചെയ്‌ത് കൂട്ടുന്നതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കാര്യക്ഷമമായ കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് തങ്ങള്‍ തേടുന്നത്. ഏതെങ്കിലും ഒരു വ്യക്തിക്കെതിരെയല്ല, മറിച്ച് കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തരൂര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു.
പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നത് പോലെ മേല്‍വിലാസമില്ലാത്ത കവർ പോലെയാണ് കോണ്‍ഗ്രസ് ഇന്ന് എന്നതാണ് പ്രശ്‌നം. ഗുലാം നബി ആസാദ് രാജിവച്ച ശേഷം പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് പലരും കരുതുന്നു. ഇത് ദിനംതോറും പാര്‍ട്ടിക്കായി എഴുതപ്പെടുന്ന ചരമ ഗീതങ്ങളുടെ ആക്കം കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേറ്റ പരാജയം കൊണ്ട് തന്നെ തളര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം ഇതോടെ വീണ്ടും തകരാനിടയുണ്ട്.
പാര്‍ട്ടി പുനരുജ്ജീവനത്തിന് തുടക്കമിടും: ഒക്‌ടോബര്‍ 19ന് നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനൊപ്പം പാര്‍ട്ടിയുടെ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തക സമിതിയിലേക്കും ഒഴിവുള്ള ഡസന്‍ കണക്കിന് സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമായിരുന്നു. എങ്കിലും പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്‍റെ അനിവാര്യമായ പുനരുജ്ജീവനത്തിന് തുടക്കമിടുന്നതാണ്.
പാര്‍ട്ടി പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള ദേശീയ താത്‌പര്യം വര്‍ധിപ്പിക്കുകയും കൂടുതല്‍ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ ഒട്ടേറെ സ്ഥാനാർഥികള്‍ മുന്നോട്ടു വരുമെന്ന് കരുതുന്നു. അടിയന്തരമായി നികത്തപ്പെടേണ്ടത് സ്വാഭാവികമായും പാര്‍ട്ടി അധ്യക്ഷന്‍റെ സ്ഥാനം തന്നെയാണ്. ആര് പ്രസിഡന്‍റ് സ്ഥാനത്തെത്തിയാലും വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുകയും ചെയ്യുക എന്ന ഇരട്ട ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ട്.
രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിരാശപ്പെടുത്തുന്നു: ഒരു കുടുംബത്തിന് മാത്രമേ നയിക്കാനാകൂ എന്ന അവസ്ഥയിലേക്ക് ഒരു പാര്‍ട്ടിക്കും മാറാനാകില്ല. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിസമ്മതിച്ചതും ഗാന്ധി കുടുംബത്തില്‍ നിന്ന് മറ്റാരും തനിക്ക് പകരം വരേണ്ടതില്ലെന്ന രാഹുലിന്‍റെ പ്രസ്‌താവനയും കോണ്‍ഗ്രസ് അനുഭാവികളെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് കൂട്ടായി തീരുമാനിക്കേണ്ടത് ഗാന്ധി കുടുംബമാണ്.
എന്നാല്‍ ജനാധിപത്യത്തില്‍ ഒരു കുടുംബത്തിന് മാത്രമേ തങ്ങളെ നയിക്കാനാകൂ എന്ന് വിശ്വസിക്കുന്ന അവസ്ഥയിലേക്ക് ഒരു പാര്‍ട്ടിക്കും മാറാനാകില്ല. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമായിരിക്കും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പെന്നും ശശി തരൂര്‍ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
Also read: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും?; സാധ്യത തള്ളാതെ ശശി തരൂർ