ന്യൂഡല്‍ഹി: പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിന്‍റെ നിര്യാണത്തിൽ അനുശോചന അറിയിച്ചതിനെ തുടര്‍ന്നുണ്ടായ ബിജെപിയുടെ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 'ആളുകള്‍ മരിക്കുമ്പോള്‍ അവരോട് ദയയോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലാണ് താന്‍ വളര്‍ന്നതെന്ന്' തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 2004ല്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുഷറഫുമായി സമാധാന ഉടമ്പടി ഒപ്പുവച്ചത് എന്തിനാണെന്ന് തരൂര്‍ ബിജെപി നേതാക്കളോട് ചോദിച്ചു.
മുഷറഫിനോട് എല്ലാവര്‍ക്കും എതിര്‍പ്പാണെങ്കിലും വാജ്പേയി-മുഷറഫ് ഉടമ്പടിയില്‍ ഒപ്പ് വച്ചതിലൂടെ അദ്ദേഹം എല്ലാവരുടെയും വിശ്വസ്‌തനായില്ലെയെന്നും അദ്ദേഹം ചോദിച്ചു.
അനുശോചനവും വിമര്‍ശനങ്ങളും: പട്ടാള മേധാവിയും പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റുമായിരുന്ന പര്‍വേസ് മുഷറഫിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ചതാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിന് നേരെ ബിജെപി വിമര്‍ശനവുമായെത്തിയത്. ഒരിക്കല്‍ ഇന്ത്യയുടെ അചഞ്ചലമായ ശത്രുവായിരുന്ന പര്‍വേസ് മുഷററഫ് 2002-2007 കാലത്ത് ഇന്ത്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശരിയായ ശക്തിയായിരുന്നു.
ഒരു സുഹൃത്ത് ആയിരുന്നില്ല, പക്ഷെ സമാധാനത്തിലൂടെ നേട്ടം കൈവരിക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്ന ശശി തരൂരിന്‍റെ ട്വീറ്റിനെതിരെയായിരുന്നു വിമര്‍ശനങ്ങളുമായി ബിജെപി രംഗത്തെത്തിയത്. ഐക്യരാഷ്‌ട്ര സഭയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് വര്‍ഷം തോറും ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നെന്നും ഏറെ സമര്‍ഥനും ആകര്‍ഷകവണമുള്ള വ്യക്തിയായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നതെന്നുമാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയെ ജെന്‍റില്‍മാന്‍ എന്ന് വിളിച്ചത് കാരണമാണോ പര്‍വേസ് കോണ്‍ഗ്രസുകാര്‍ക്ക് പ്രിയപ്പെട്ടവനാകുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു. കാര്‍ഗില്‍ യുദ്ധത്തിന്‍റെ ശില്‍പിയും ഏകാധിപതിയും താലിബാനേയും ബിന്‍ലാദനേയും സഹോദരങ്ങളായി കാണുകയും ചെയ്‌ത പര്‍വേസിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതില്‍ ആശ്ചര്യപ്പെടാനില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. ഭീകരതയ്‌ക്ക് പിന്നില്‍ കുത്തുന്ന സംഘട്ടനം നടത്തുകയും എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിച്ച് നമ്മുടെ സൈനികരെ പീഡിപ്പിക്കുകയും ചെയ്ത" ഒരു വ്യക്തിയിൽ സമാധാനം കണ്ടെത്തിയെന്നാരോപിച്ച് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെത്തിയത്.
''തന്ത്രപരമായ ചിന്തയില്‍ മിടുക്കനും മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ വ്യക്തമായ കാഴ്‌ചപാടുള്ളവനായിരുന്നു പര്‍വേസ്...RIP'' മുന്‍ വിദേശ കാര്യ സഹമന്ത്രി ട്വീറ്റ് ചെയ്‌തു.
മുഷറഫ് ചരിത്രം: 1999-ലെ വിജയകരമായ സൈനിക അട്ടിമറിക്ക് ശേഷം പാക്കിസ്ഥാന്‍റെ പത്താമത്തെ പ്രസിഡന്‍റായിരുന്നു മുഷറഫ്. 1998 മുതൽ 2001 വരെ പാകിസ്ഥാന്‍റെ ജോയിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CJCSC) 10-ാമത്തെ ചെയർമാനായും 1998 മുതൽ 2007 വരെ ഏഴാമത്തെ ടോപ്പ് ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2008 ഫെബ്രുവരിയിലുണ്ടായ തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി വിജയിച്ചതിന് പിന്നാലെ ഇംപീച്‌മെന്‍റിന് നീക്കം തുടങ്ങിയതോടെ മുഷറഫ് സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് നിരവധി കേസുകളില്‍ കുടുങ്ങി. ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ച് രാജ്യദ്രോഹ കേസില്‍ ജയിലിലടയ്‌ക്കുകയും വധ ശിക്ഷയ്‌ക്ക് വിധിയ്ക്കുകയും ചെയ്‌തു. എന്നാല്‍ കേസ് പരിഗണിച്ച ലാഹോര്‍ കോടതി അദ്ദേഹത്തിനെതിരെയുള്ള കേസ് റദ്ദാക്കി ഉത്തരവിറക്കുകയും ചെയ്‌തു.
അസുഖവും മരണവും: നാഡീവ്യൂഹത്തെ തളര്‍ത്തുന്ന ആമുലോയ്‌ഡിസിസ് എന്ന അപൂര്‍വ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി യുഎഇയിലെ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ പുര്‍ച്ചെ പര്‍വേസ് മുഷറഫ് മരിച്ചത്. 2016ല്‍ രോഗ ബാധിതനായ മുഷറഫ് കഴിഞ്ഞ ജൂണ്‍ മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.79 വയസായിരുന്നു.