മുംബൈ (മഹാരാഷ്ട്ര): മുംബൈയെ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമാക്കുന്നതിൽ ഗുജറാത്തികളുടെയും രാജസ്ഥാനികളുടെയും പങ്കിനെക്കുറിച്ചുള്ള മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ വിവാദ പ്രസ്‌താവനയില്‍ പ്രതികരിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അദ്ദേഹത്തിന്‍റെ തൊപ്പിയുടെയും ഹൃദയത്തിന്‍റെയും നിറത്തിൽ വ്യത്യാസമില്ലെന്നാണ് പവാര്‍ കടന്നാക്രമിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയായ കോഷിയാരി കറുപ്പ് നിറത്തിലുള്ള തൊപ്പിയാണ് ധരിക്കാറുള്ളത്.
ഗുജറാത്തികളെയും രാജസ്ഥാനികളെയും മുംബൈയിൽ നിന്നും താനെയിൽ നിന്നും തുരത്തിയാല്‍ സാമ്പത്തിക ശേഷി തകരുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്ന പേരില്‍ തുടരാനാകില്ലെന്നുമായിരുന്നു കോഷിയാരിയുടെ പരാമര്‍ശം. വെള്ളിയാഴ്‌ച അന്ധേരിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് കോഷിയാരി വിവാദ പ്രസ്‌താവന നടത്തിയത്.
Also Read ബിജെപിയുടേത് അധികാരത്തിന്‍റെ അഹങ്കാരം, സാധാരണക്കാർ ഒന്നിച്ചാൽ നാളുകൾ എണ്ണപ്പെടും; വിമർശനവുമായി പവാർ
എല്ലാ മതത്തിലും ജാതിയിലും ഭാഷയിലും പെട്ട ആളുകളെ ഒരുപോലെ സ്വീകരിച്ച നാടാണ് മഹാരാഷ്ട്രയെന്നും സാധാരണ പൗരന്മാരുടെ കഠിനാധ്വാനം കൊണ്ടാണ് മുംബൈയുടെ മുന്നേറ്റമെന്നും പവാര്‍ പറഞ്ഞു. സാമൂഹ്യ പരിഷ്‌കർത്താക്കളായ മഹാത്മ ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരെ കുറിച്ച് കോഷിയാരി നേരത്തെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും പവാർ കൂട്ടിച്ചേർത്തു.