ബെംഗളൂരു: കൊച്ചുമകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന് എഴുപത് വയസുകാരനെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ബെംഗളൂരു സെഷന്‍സ് കോടതി. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ തുടര്‍ച്ചയായി എട്ട് വര്‍ഷം കൊച്ചുമകളെ ഇയാള്‍ പീഡിപ്പിച്ചു.
കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തും മറ്റുമായിരുന്നു പീഡനം. പ്രതി നീലച്ചിത്രങ്ങള്‍ക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയേയും ഇയാള്‍ നീലച്ചിത്രങ്ങള്‍ കാണിച്ചു.
പീഡനവിവരം പുറത്ത് പറയുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ അവളെ ഭീഷണിപ്പെടുത്തി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2020ലാണ് പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ബെംഗളൂരുവിലെ കുമാരസ്വാമി ലേ ഔട്ട് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.