ന്യൂഡൽഹി: ഇന്ത്യയിൽ ആൺ-പെൺ അനുപാതത്തിൽ കുതിപ്പെന്ന് സാമ്പത്തിക സർവെ. ദേശിയ കുടുംബാരോഗ്യ സർവെയുടെ റിപ്പോർട്ടാണ് പുറത്തുവന്നത്. 2015-16 ദേശീയ കുടുംബാരോഗ്യ സർവേ 4 പ്രകാരം 1000 പുരുഷന്മാർക്ക് 991 സ്‌ത്രീകൾ എന്ന അനുപാതമായിരുന്നു. ഈ നിരക്ക് 2019-21ൽ 1,020 ആയി ഉയർന്നുവെന്നാണ് പുതിയ സർവെ റിപ്പോർട്ട്. ശിശു ജനനനിരക്കിലും ആൺ-പെൺ നിരക്കിൽ ഉയർച്ചയുണ്ടായെന്ന് സർവെയിൽ ചൂണ്ടിക്കാണിക്കുന്നു. 2015-16 കാലയളവിൽ 1000 ആൺകുഞ്ഞുങ്ങളും 919 പെൺകുഞ്ഞുങ്ങളുമാണ് ജനിച്ചതെങ്കിൽ 2019-21ൽ 1000 ആൺകുഞ്ഞുങ്ങൾക്ക് 929 പെൺകുഞ്ഞുങ്ങളും ജനനമെടുത്തു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ഉൾപ്പടെയുള്ള സ്‌കീമുകൾ ലിംഗസമത്വ നിരക്കിനെ ഉത്തേജിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹിമാചൽ പ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ചത്തീസ്‌ഗഢ്, ഒഡീഷ, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം, മേഘാലയ, ഗോവ, നാഗാലാന്‍ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആൺ-പെൺ ശിശു ജനനനിരക്കിൽ പുരോഗതിയുണ്ടെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു.
മുൻ വർഷത്തെ സർവെയിൽ ഉത്തരാഖണ്ഡിൽ 1000 പുരുഷന്മാർക്ക് 888 സ്‌ത്രീകൾ എന്ന നിരക്കായിരുന്നു. ഈ വർഷം ഈ നിരക്ക് 1000 പുരുഷന്മാർക്ക് 984 സ്‌ത്രീകൾ എന്നായി ഉയർന്നു. ഡൽഹിയിലും സ്‌ത്രീ പുരുഷ സമത്വം വർധിച്ചുവെന്നും സർവെയിൽ വ്യക്തമാക്കുന്നു. അതേ സമയം കേരളത്തിൽ ഈ നിരക്കിലുണ്ടായ കുറവ് സർവെയിൽ അടിവരയിടുന്നുണ്ട്. 1000 പുരുഷന് 1047 സ്‌ത്രീകൾ എന്ന നിരക്കിൽ നിന്നാണ് 1000 പുരുഷന്മാർക്ക് 951 സ്‌ത്രീകൾ എന്ന നിരക്കിലേക്ക് കേരളം താഴ്‌ന്നത്. സമാനമായി മേഘാലയയിലും നിരക്കിൽ കുറവ് റിപ്പോർട്ട് ചെയ്‌തു.
ഫെർട്ടിലിറ്റി റേറ്റിലും കുറവ്
ഒരു സ്‌ത്രീ ജന്മം നൽകുന്ന ശരാശരി കുട്ടികളുടെ എണ്ണത്തിലും ( 'ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ഇത്തവണ കുറവ് രേഖപ്പെടുത്തി. 2015-16ൽ ഈ നിരക്ക് 2.2 ആയിരുന്നുവെങ്കിൽ 2019-21 കാലയളവിൽ ഇത് രണ്ടായി കുറഞ്ഞു. ആധുനിക കാലത്ത് ഗർഭ നിരോധന മാർഗങ്ങളുടെ ഉപയോഗം, മെച്ചപ്പെട്ട കുടുംബാസൂത്രണം, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവ ഫെർട്ടിലിറ്റി നിരക്കിലെ കുറവിന് കാരണമാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ALSO READ:വിതുരയിൽ വീണ്ടും ആദിവാസി സഹോദരിമാര്‍ പീഡനത്തിനിരയായി; രണ്ടുപേര്‍ അറസ്റ്റില്‍