നെല്ലൂര്: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ബോട്ട് സവാരിക്ക് പോയ ആറ് യുവാക്കളെ കാണാതായതായി റിപ്പോർട്ട്. മീൻ പിടിക്കാനായി ഉപയോഗിക്കുന്ന സാദാ ബോട്ടിൽ സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പത്തിലധികം സുഹൃത്തുക്കൾ യാത്ര തിരിക്കുകയായിരുന്നു. കായലിന് നടുക്കെത്തിയ സമയത്ത് ബോട്ട് നിയന്ത്രണം നഷ്‌ടപ്പെട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
പൊലീസും നാട്ടുകാരും പറയുന്നതനുസരിച്ച്, ശ്രീ പോറ്റി ശ്രീരാമുലു നെല്ലൂർ ജില്ലയിലെ പൊടലക്കുരു മണ്ഡലത്തിലെ തോഡേരുവിലെ പത്ത് യുവാക്കൾ ഞായറാഴ്‌ച വൈകുന്നേരം ഗ്രാമത്തിലെ രത്‌നഗിരി കുളത്തിൽ ഉല്ലാസയാത്രക്ക് പോയി. ബോട്ട് കുളത്തിന് നടുവിലേക്ക് എത്തിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിൽ കുറച്ച് ചെറുപ്പക്കാർ നീന്തി രക്ഷപെട്ടു.
വിഷ്‌ണു, കിരൺ, ഒണ്ടേരു മഹേന്ദ്ര, മഹേഷ് എന്നീ ചെറുപ്പക്കാരാണ് രക്ഷപെട്ടത്. ഇവർ നീന്തി കരക്ക് സമീപമുള്ള മരത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. കാണാതായ ചെറുപ്പക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലാജി, മണ്ണൂർ കല്യാൺ, ബട്ട രഘു, ചല്ല പ്രശാന്ത്, അല്ലി ശ്രീനാഥ്, പി സുരേന്ദ്ര എന്നിവരാണ് അപകടത്തിൽ പെട്ടത്. കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.