ന്യൂഡൽഹി: അതിശക്തമായ മൂടല്‍ മഞ്ഞില്‍ തണുത്ത് വിറങ്ങലിച്ച് ഡല്‍ഹിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അതി ശൈത്യം തുടരുകയാണ്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും തണുപ്പേറിയ മാസമാണിത്.
ഹൈദരാബാദ്-ന്യൂഡൽഹി എക്‌സ്‌പ്രസ്, കൽക്ക-ഹൗറ നേതാജി എക്‌സ്പ്രസ്, ഗയ-ന്യൂ ഡൽഹി മഹാബോധി എക്‌സ്പ്രസ്, പുരി-ന്യൂ ഡൽഹി പുരുഷോത്തം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ബറൗണി മുതൽ ന്യൂഡൽഹി വരെയുള്ള സ്‌പെഷ്യല്‍ ട്രെയിന്‍, അയോധ്യ കാൻറ്റ്- ഡൽഹി എക്‌സ്‌പ്രസ്, രാജ്‌ഗിർ- ന്യൂഡൽഹി ശ്രംജീവി എക്‌സ്‌പ്രസ്, പ്രതാപ്‌ഗഡ്-ന്യൂ ഡൽഹി പദ്‌മാവത് എക്‌സ്‌പ്രസ് എന്നിവ ഒന്നേമുക്കാല്‍ മണിക്കൂറും റായ്‌ഗഡ്-നിസാമുദ്ദീൻ എക്‌സ്‌പ്രസ്, ജബൽപൂർ നിസാമുദീൻ എക്‌സ്‌പ്രസ് എന്നിവ മൂന്നര മണിക്കൂറും ലഖ്‌നൗ-ന്യൂഡൽഹി എക്‌സ്‌പ്രസ്, റക്‌സോൾ-ആനന്ദ് വിഹാർ സദ്ഭാവ്‌ന എക്‌സ്പ്രസ്, ഹൗറ-ന്യൂ ഡൽഹി പൂർവ എക്‌സ്പ്രസ്, മുസാഫർപൂർ-ആനന്ദ് വിഹാർ എക്‌സ്പ്രസ് എന്നിവ ഒരുമണിക്കൂറും വൈകിയാണ് സര്‍വീസ് നടത്തുക.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ വൈകിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബുധനാഴ്‌ച ഡല്‍ഹിയില്‍ മാത്രം നൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നിലവില്‍ ശൈത്യ തരംഗമാണ് അനുഭവപ്പെടുന്നത്.